ദുബായ്: ദുബായി എക്സ്‌പോ ഇന്ത്യാ പവിലിയനിലേക്ക് സന്ദർശകരുടെ ഒഴുക്ക്, നവംബർ മൂന്ന് വരെയുള്ള കണക്കനുസരിച്ച് രണ്ടു ലക്ഷത്തിലധികം പവലിയൻ സന്ദർശിച്ചു.
എക്സ്‌പോയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ പവിലിയനുകളിൽ ഒന്നാണ് ഇന്ത്യാ പവിലിയൻ എന്ന് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ പാരമ്പര്യവും പുരോഗതിയും സമന്വയിപ്പിക്കുന്ന പവിലിയനിൽ ഒട്ടേറെ നിക്ഷേപ സാധ്യതകൾക്കുള്ള വേദിയും ഒരുക്കിയിട്ടുണ്ട്. . 25.7 കോടി ദിർഹം മുടക്കിയാണ് ഇന്ത്യൻ പവലിയൻ ഒരുക്കിയിട്ടുള്ളത്. 0.5 ഹെക്ടർ സ്ഥലത്ത് 9000 ചതുരശ്രമീറ്ററിൽ നാല് നിലകളിലുള്ള പവിലിയൻ ഇന്ത്യയുടെ സാംസ്കാരിക തനിമയും ഐ.ടി. ഉൾപ്പെടെയുള്ള മേഖലയിലെ നേട്ടങ്ങളും വ്യക്തമാക്കുന്ന അതിനൂതന രീതിയിലാണ് നിർമാണം
തണുപ്പ് തുടങ്ങിയതോടെ സന്ദർശകരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ കോൺസൽ ജനറലും എക്സ്‌പോ 2020 ദുബായിലെ ഇന്ത്യയുടെ ഡെപ്യൂട്ടി കമ്മിഷണർ ജനറലുമായ ഡോ. അമൻ പുരി പറഞ്ഞു. സഹകരണത്തിനും നിക്ഷേപത്തിനുമായി കൂടുതൽ അവസരങ്ങൾക്ക് ഇന്ത്യൻ പവിലിയൻ വേദിയാകുമെന്നും ഇന്ത്യയുടെ ആഘോഷങ്ങൾ, ഭക്ഷണം, സാംസ്കാരിക പ്രകടനങ്ങൾ എന്നിവ ആഗോള സന്ദർശകരെ ആകർഷിക്കുന്നതിൽ നിർണായകമായതായും അദ്ദേഹം വ്യക്തമാക്കി