ദുരന്തം പെയ്തിറങ്ങി വയനാട് : 178 മരണം

0
41

വയനാട്: ജില്ലയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ മരണ സംഖ്യ ഉയരുന്നു. നിലവിൽ 178 മരണം സ്ഥിരീകരിച്ചിരിക്കുന്നു. നൂറോളം പേർക്ക് അതി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വയനാട് മേപ്പാടിക്ക് സമീപം മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് വന്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ കനത്ത മഴക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. നിരവധി പേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. വൈകീട്ടുണ്ടായ കനത്ത മൂടൽമഞ്ഞ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.

ഉറക്കത്തിലാണ്ട മുണ്ടക്കൈയിലെ നാനൂറോളം കുടുംബങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഉരുൾ പൊട്ടലിന് പിന്നാലെ നിലമ്പൂർ പോത്തുകല്ല് ചാലിയാർ പുഴകളിൽ ഒഴുകിയെത്തിയത് നിരവധി മൃതദേഹങ്ങളാണ്. ചാലിയാറിൽ നിലമ്പൂർ ഭാഗത്ത് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരു കുട്ടിയുടെ മൃതദേഹം മുളങ്കാട്ടിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ്. ഒരു പുരുഷൻ്റെ മൃതദേഹം തല അറ്റ രീതിയിലും കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയാനാകാത്ത നിലയിലാണു മൃതദേഹമുള്ളത്. പോത്തുകൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ചാലിയാർ പുഴയിൽനിന്നും മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്.