സത്താർ കുന്നിൽ
കുവൈത്ത് സിറ്റി: സർക്കാർ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കുവൈത്തിൽ ഒരു വ്യക്തി പ്രതിമാസം 51 കിലോ മാലിന്യം അല്ലെങ്കിൽ പ്രതിദിനം 1.7 കിലോ മാലിന്യം ഉത്പാദിപ്പിക്കുന്നു, ഇത് ആഗോള ശരാശരിയുടെ ഇരട്ടിയാണ്. രാജ്യത്ത് മാലിന്യം കുമിഞ്ഞുകൂടുന്നത് ഇല്ലാതാക്കുന്നതിനും പൊതു ശുചിത്വ നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി പുതിയ പാർപ്പിട പ്രദേശങ്ങളിൽ മാലിന്യ ശേഖരണത്തിനായി ഒരു സ്മാർട്ട് കണ്ടെയ്‌നർ സംവിധാനം നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഗാർഹിക മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള ആധുനികവും സുസ്ഥിരവുമായ രീതികളായ ഭൂഗർഭ സ്മാർട്ട് കണ്ടെയ്‌നറുകൾ നടപ്പിലാക്കുന്നതിന് കുവൈറ്റിന്റെ പദ്ധതി മേഖലയുടെ പിന്തുണയുണ്ടെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി കാര്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അദ്‌നാൻ സയ്യിദ് മൊഹ്‌സെൻ അഭിപ്രായപ്പെട്ടു.
അറബ് ലോകത്ത് ഖരമാലിന്യം പ്രതിവർഷം 2 ദശലക്ഷം ടണ്ണിലധികം വരും. ഉയർന്ന ജീവിത നിലവാരവും ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയുമാണ് പ്രധാനമായും പ്രതിശീർഷ മാലിന്യ ഉൽപ്പാദനം വർധിക്കാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കുവൈത്തിൽ ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ മാർഗ്ഗമാണ് മണ്ണിനടിയിൽ ആക്കി നികത്തൽ. നിലവിൽ ഇത്തരത്തിലുള്ള 18 മാലിന്യനിക്ഷേപ കേന്ദ്രങ്ങളുണ്ട്, അതിൽ 14 എണ്ണം അടച്ചുപൂട്ടി, 4 എണ്ണം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് .