കുവൈറ്റ്: രാജ്യത്ത് സമീപഭാവിയിൽ വൻ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന പ്രചാരണങ്ങൾ തള്ളി കുവൈറ്റിലെ ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം.ശക്തമായ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന പ്രശസ്ത ജിയോളജിസ്റ്റ് ഡോ.ഫെറിയൽ ബർബായിയുടെ മുന്നറിയിപ്പ് പരിഭ്രാന്തി പരത്തിയ സാഹചര്യത്തിലാണ് അധികൃതരുടെ പ്രതികരണം. പറയപ്പെടുന്നത് പോലെ ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
അയൽരാജ്യങ്ങളിലും കുവൈറ്റിലും ഇടയ്ക്കിടെയുണ്ടാകുന്ന ഭൂചലനങ്ങൾ വന്‍ പ്രകമ്പനത്തിനുള്ള സാധ്യതകളാണെന്നായിരുന്നു ഫെറിയൽ നൽകിയ മുന്നറിയിപ്പ്. ഇറാന് അടുത്തുള്ള സുവ്റോസ് വലയത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കുവൈറ്റിൽ ഈയടുത്തായി ചെറുതും വലുതുമായ നിരവധി ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഭൂകമ്പത്തെ തടുക്കാൻ രാജ്യത്ത് മറ്റ് മാർഗങ്ങൾ ഒന്നുമില്ലെന്നും അപകടസാധ്യത കുറയ്ക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നുമായിരുന്നു മുന്നറിയിപ്പ്.
ഇത് അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ജനങ്ങളിൽ ആശങ്ക ഉയർത്തുന്ന തരത്തിൽ പ്രചരണം ശക്തമായ സാഹചര്യത്തിലാണ് അധികൃതർ വിശദീകരണവുമായെത്തിയത്.