കെ ടി ജലീൽ എം എൽ എ യുടെ എഫ്ബി കുറിപ്പ് :
ആരാണ് പ്രൊഫസർ ഇർഫാൻ ഹബീബ്?
ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത വിശ്വോത്തര ചരിത്ര പണ്ഡിതൻ.
മാർക്സിയൻ വീക്ഷണത്തിൽ ഭൂതത്തെയും വർത്തമാനത്തെയും പേനത്തുമ്പിൽ വിളക്കിച്ചേർത്ത പ്രഗൽഭനായ എഴുത്തുകാരൻ.
മുഗൾ സമ്പദ്ഘടനയെ അടിമുടി അപഗ്രഥിച്ച പ്രശസ്തനായ ദാർശനികൻ.
തീവ്ര മത ചിന്തകളോട് ജീവിതത്തിലുടനീളം കലഹിച്ച ധിക്കാരി.
നൂതന ചിന്തയുടെ ചക്രവാളങ്ങൾ തേടി ഇന്നും അലച്ചിൽ തുടരുന്ന ഏകാന്തപഥികൻ.
പുരാഗമന ആശയങ്ങളുടെയും സ്വതന്ത്ര ചിന്തയുടെയും അപ്പോസ്തലൻ.
അലീഗഡ് സർവകലാശാലയിൽ നിന്ന് ഡിഗ്രിയും പിജിയും ഗോൾഡ് മെഡലോടെ പൂർത്തിയാക്കിയ മിടുക്കനായ വിദ്യാർത്ഥി.
ഓക്സ്ഫോഡിലെ ന്യൂ കോളേജിൽ ഉപരിപഠനത്തിന് അർഹത നേടി ഡോക്ടറേറ്റ് കരസ്ഥമാക്കിയ എണ്ണംപറഞ്ഞ ചരിത്ര ഗവേഷകൻ.
അലീഗഡ് മുസ്ലിം സർവകലാശാലയിലെ മഹാനായ അദ്ധ്യാപകൻ.
അലീഗഡിലെ ഹിസ്റ്ററ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ എന്നും സ്മരിക്കപ്പെടുന്ന തലവൻ.
ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിൻ്റെ കർമ്മോത്സുകനായ ചെയർമാൻ.
ഇൻന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സിൻ്റെ അത്യുൽസാഹിയായ ജനറൽ സെക്രട്ടറി.
ഇന്ത്യയുടെ മധ്യകാല ചരിത്ര പഠന ശാഖയിലെ ജീവിച്ചിരിക്കുന്ന അവസാന വാക്ക്.
ലോകം ശ്രദ്ധിച്ച നിരവധി ഗ്രന്ഥങ്ങളുടെ വിഖ്യാതനായ രചയിതാവ്.
A Peoples Hisory of India Series ലൂടെ ഇന്ത്യയുടെ സമഗ്ര ചരിത്രഖ്യാനം നിർവഹിച്ച അതുല്യ പ്രതിഭ.
ഇന്ത്യൻ ചരിത്ര നിർമ്മിതിയുടെ കുലപതി പ്രൊഫ: മുഹമ്മദ് ഹബീബിൻ്റെ ബുദ്ധിമാനായ മകൻ.
സ്വാതന്ത്ര്യ സമര സേനാനിയും ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന അബ്ബാസ് ത്വയ്യിബ്ജിയുടെ പ്രിയപ്പെട്ട മരുമകൻ.
ചരിത്രത്തിൻ്റെ കാവിവൽക്കരണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത കറകളഞ്ഞ മതേതരവാദി.
ശിഷ്യഗണങ്ങളുടെ മനസ്സിൽ തിളങ്ങി നിൽക്കുന്ന ഗുരുനാഥൻ.
സഹപാഠികളുടെ വഴികാട്ടിയും അഭ്യുദയകാംക്ഷിയുമായ കൂട്ടുകാരൻ.
സഹപ്രവർത്തകരുടെ സ്നേഹസമ്പന്നനായ
സഹകാരി.
ചരിത്ര ഗവേഷണ രംഗത്തെ നിസ്തുല സേവനത്തിന് 2005 ൽ രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ച ജ്ഞാന ശേഖരത്തിൻ്റെ ഉടമ.
ജവഹർലാൽ നഹ്റു ഫെലോഷിപ്പുകൾ പലതവണ കരസ്ഥമാക്കിയ അപൂർവ്വരിൽ അപൂർവ്വനായ ചരിത്രാന്വേഷകൻ.
1982 ലെ വാതുമുൾ പുരസ്കാര ജേതാവ്.
2016 ലെ യഷ് ഭാരതി അവാർഡിനർഹനായ ശ്രേഷ്ഠ വ്യക്തിത്വം.
തൊണ്ണൂറിൻ്റെ നിറവിലും ബൗദ്ധികവും ബൗദ്ധികേതരവുമായ അനീതികളോട് ഒട്ടും സമരസപ്പെടാത്ത വിപ്ലവകാരി.
വസ്തുതാപരമല്ലാത്ത കാര്യം ഏത് വേദിയിൽ ഏത് കൊമ്പൻ പറഞ്ഞാലും അതിനോട് വിരൽ ചൂണ്ടി മാത്രം പ്രതികരിക്കുന്ന കരുത്തനായ പോരാളി.
ഇന്ത്യൻ വൈസ് പ്രസിഡണ്ടുസ്ഥാനം വെച്ച് നീട്ടിയപ്പോൾ അതിനോട് പുറം തിരിഞ്ഞു നിന്ന അൽഭുത മനുഷ്യൻ.
എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങൾ ഇനിയും ഒരുപാടുണ്ട് പ്രൊഫസർ ഇർഫാൻ ഹബീബിന്.
അലീഗഡിലെ അറിവിൻ്റെ ആ പർവ്വത്തെയാണ് അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയും അവിടുത്തെ വിദ്യാർത്ഥി യൂണിയൻ്റെ പ്രസിഡണ്ടുമായിരുന്ന കേരള ഗവർണർ “ഗുണ്ട” എന്ന് വിളിച്ച് അധിക്ഷേപിച്ചത്!
ഇർഫാൻ സാറേ മാപ്പ് ……