പുതിയ കൊറോണ വൈറസ് വകഭേദം എത്രമാത്രം അപകടകാരിയാണ്?

B.1.1.529 എന്നറിയപ്പെടുന്ന  വൈറസ് സാര്‍സ് cov2 വൈറസിന്റെ പുതിയ വകഭേദമാണ്. അതുകൊണ്ടുതന്നെ അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരുംനാളുകളിൽ മാത്രമേ ലഭിക്കുകയുള്ളൂ , വലിയ അളവില്‍ ജനിതകമാറ്റം സംഭവിച്ച ഈ വൈറസിന് വളരെ പടരാനുള്ള ശേഷി ഈ വൈറസിനുണ്ടെന്നുമാണ് ലോകമെമ്പാടുമുള്ള ഗവേഷകര്‍ പറയുന്നത്.

നവംബർ മാസത്തിലെ ആദ്യപകുതിയിൽ ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിലെ ഉയർന്ന കോവിഡ് വ്യാപനം പഠനവിധേയമാക്കിയതിനെ തുടർന്ന് നവംബർ 9ന് പുതിയ മ്യൂട്ടന്റ് വേരിയന്റിനെ കണ്ടെത്തുകയും, നവംബർ 24 ന് ലോകാരോഗ്യ സംഘടനക്ക് B.1.1.529 നെ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. നവംബർ 26 ന് ചേർന്ന ലോകാരോഗ്യസംഘടനയുടെ വിദഗ്ദ്ധസമിതിയാണ് ഈ പുതിയ കൊറോണ വൈറസ് വേരിയന്റിനെ ‘വേരിയന്റ് ഓഫ് കൺസേൺ’ ആയി പ്രഖ്യാപിച്ചത്.

മറ്റു വേരിയന്റുകളെ അപേക്ഷിച്ചു വേഗത്തിൽ പകരാനും ഇതുമൂലം കൂടുതൽ ആളുകളിലേക്ക് രോഗം പടർത്താനും കഴിയുന്നു എന്നതാണ് ഒമിക്രോണിന്റെ പ്രത്യേകത. മുമ്പ് രോഗം വന്നവരിലും ഒമിക്രോൺ രോഗമുണ്ടാക്കുന്നു എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

മറ്റ് കൊറോണ വൈറസുകളെ അപേക്ഷിച്ചു ഒമിക്രോണിൽ നിരവധി മ്യൂട്ടേഷനുകൾ അധികമായി കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ തന്നെ 30ൽ പരം മ്യൂട്ടേഷനുകൾ വൈറസിനെതിരെ രോഗപ്രതിരോധശേഷി നേടിയെടുക്കാൻ ശരീരത്തെ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനുകളിൽ ആണെന്ന വസ്തുത ശാസ്ത്ര ലോകത്തെ കൂടുതൽ ജാഗരൂഗരാക്കിയിട്ടുണ്ട്. ഇപ്പോൾ ലഭ്യമായ  RTPCR ടെസ്റ്റുകൾ രോഗനിർണയത്തിന് പര്യാപ്തമാണെന്നത് ആശ്വാസകരമാണ്. മാത്രമല്ല, വൈറസിൻ്റെ ‘S – ജീൻ’ പി.സി.ആർ ടെസ്റ്റ് മറ്റു വേരിയൻ്റുകളെ പോലെ ഇതിൽ പോസിറ്റിവ് ആവില്ല എന്നത് കൊണ്ട് ഒമിക്രോൺ വേരിയൻ്റിനെ സീക്വെൻസിങ്ങ് ഇല്ലാതെ പി.സി.ആർ ടെസ്റ്റ് വെച്ച് കണ്ടെത്താൻ കഴിയും. ഇത് ഈ വേരിയൻ്റെ പടരുന്നത് പെട്ടെന്ന് കണ്ടെത്താൻ സഹായകരമാവും

കൂടിയ വ്യാപനശേഷിയും, മുമ്പ് രോഗം വന്നു മാറിയവരിലും രോഗമുണ്ടാക്കാനുള്ള കഴിവും ഒമിക്രോൺ കോവിഡ് വൈറസിനുണ്ടെങ്കിലും ഇത് വാക്സിൻ മൂലമുള്ള പ്രതിരോധശേഷിയെ നിർവീര്യമാക്കാൻ മാത്രം കഴിവുള്ളതാണോ, ഇപ്പോൾ നിലവിലുള്ള ചികിത്സാരീതികളെ (മോണോക്ലോണൽ ആന്റിബോഡി മുതലായവ)മറികടക്കാൻ മാത്രം ശേഷി ഉള്ളതാണോ എന്നൊന്നും പറയാറായിട്ടില്ല. ഇതിനായി കൂടുതൽ പഠനങ്ങൾ ഇനിയും ആവശ്യമുണ്ട്. ഇതിനായുള്ള പഠനങ്ങൾ ഇപ്പോൾ നടന്നുവരുന്നു.

ഒമിക്രോണിനെ സാർസ് കോവിഡ് 2 വേരിയന്റ് ഓഫ് കൺസേൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന എല്ലാ രാജ്യങ്ങൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ വകഭേദങ്ങളെ പറ്റി അറിയാൻ വൈറസ് സീക്വൻസിങ് ശക്തിപ്പെടുത്തുക, വൈറസ് സീക്വൻസിങ് ഡാറ്റ പൊതു പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുക, വേരിയന്റ് ഓഫ് കൺസേൺ മൂലമുള്ള രോഗബാധകൾ ലോകാരോഗ്യ സംഘടനക്ക് റിപ്പോർട്ട് ചെയ്യുക, അന്തർദേശീയ സഹായങ്ങൾ ഉപയോഗപ്പെടുത്തി കോവിഡ് ബാധിത പ്രദേശങ്ങളിൽ കൂടുതൽ പഠനങ്ങൾ നടത്തുക, എന്നിവയെല്ലാമാണ് ലോകാരോഗ്യ സംഘടന അംഗരാഷ്ട്രങ്ങൾക്ക് നൽകിയ മറ്റ് നിർദ്ദേശങ്ങൾ.

സാർസ് കോവിഡ് 2 രോഗബാധയുണ്ടാകാതിരിക്കാനായി വ്യക്തികൾ രോഗപ്രതിരോധ മാർഗ്ഗങ്ങളായ മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗിക്കുക, കൈകൾ ശുചിയായി വെക്കുക, റെസ്പിരേറ്ററി (തുമ്മുമ്പോഴും ചുമക്കുമ്പോഴും) ഹൈജീൻ പാലിക്കുക, ശാരീരിക അകലം പാലിക്കുക, ഇടുങ്ങിയതും, അടഞ്ഞതുമായ മുറികളിൽ അധികനേരം ചിലവഴിക്കാതിരിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കഴിവതും വേഗം കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.