ഹിമാചൽ പ്രദേശിൽ കോൺഗ്രസ്സ് കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നു. സർക്കാർ രൂപീകരിക്കുമെന്ന് അവകാശവുമായി കോൺഗ്രസ്സ് നേതാവ് വിക്രമാദിത്യ സിംഗ് രംഗത്തെത്തി. 68 സീറ്റുകളുള്ള ഹിമാചലിൽ 38 സീറ്റുകളുമായി കോൺഗ്രസ്സ് മുന്നിലാണ്, 27 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുമ്പോൾ 3 സീറ്റുകളിൽ സ്വതന്ത്രർ ലീഡ് ചെയ്യുന്നുണ്ട്.
അതേസമയം ബിജെപിയിലും അണിയറ നീക്കങ്ങൾ സജീവമാണ്. കോൺഗ്രസ്സ് എംഎൽഎമാരെയും സ്വാതന്ത്ര്യ എംഎൽഎമാരെയും ബിജെപി ക്യാമ്പിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നാണ് റിപ്പോർട്ടുകൾ. ഹിമാചലിൽ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടിയായാണ് വിലയിരുത്തുന്നത്. ഗുജറാത്തിൽ മികച്ച വിജയം നേടിയാലും, ഹിമാചലിൽ പരാജയം നേരിട്ടാൽ ദേശീയ രാഷ്ട്രീയത്തിൽ മോദിക്കും അമിത്ഷാക്കും തിരിച്ചടിയാണ്.
ബിജെപി എന്തും ചെയ്യാൻ തയ്യാറായിരിക്കുകയാണ്, ജനാധിപത്യം സംരക്ഷിക്കാം ഞങ്ങളെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യാൻ ഒരുങ്ങിയെന്ന് കോൺഗ്രസ്സ് നേതാവ് വിക്രമാദിത്യ സിംഗ് പറഞ്ഞു. എംഎൽഎമാരെ പിടിക്കാൻ ബിജെപി വലവിരിക്കുന്നതിനെ മറികടക്കാൻ എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റാനാണ് കോൺഗ്രസ്സ് നീക്കം.