സര്‍വ്വെകളിലും ജനമനസ്സുകളിലും ഭരണ തുടര്‍ച്ച

രാഷ്ട്രീയ കേരളം പുതുചരിത്രമെഴുതാന്‍ പോകുന്നുവെന്നാണ്‌ അവസാനം പുറത്ത്‌ വന്ന മാതൃഭൂമി സീ വോട്ടര്‍ സര്‍വ്വെ ഫലവും വ്യക്തമാക്കുന്നത്‌. ഭരണ തുടര്‍ച്ചയെന്ന സ്വപ്‌ന തുല്യമായ യാഥാര്‍ത്ഥ്യത്തിലേയ്‌ക്ക്‌്‌്‌ കേരളം ഭരിക്കുന്ന ഇടത്‌ സര്‍ക്കാരും സര്‍ക്കാരിന്‌ നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനും അടുത്ത്‌ കൊണ്ടിരിക്കുന്നു.അവസാനം പുറത്ത്‌ വന്ന സി വോട്ടര്‍ സര്‍വ്വെയിലെ നാല്‌ കണക്കുകള്‍ വളരെ പ്രധാനപ്പെട്ടതാണ്‌.

ഒന്ന്‌,
ഇടത്‌ സര്‍ക്കാര്‍ തുടരണമോയെന്ന ചോദ്യത്തിന്‌ 60 ശതമാനവും വേണമെന്ന അഭിപ്രായമാണ്‌ നല്‍കിയത്‌്‌. അതില്‍ 32 ശതമാനം പേര്‍ സര്‍ക്കാര്‍ മാറേണ്ടെന്ന്‌ ഉറപ്പിച്ചു പറയുന്നു. എതിര്‍പ്പുണ്ടെങ്കിലും സര്‍ക്കാര്‍ മാറേണ്ടെന്ന്‌ 28 ശതമാനം പേര്‍ പറയുന്നു. അഴിമതി ആരോപണങ്ങളും മറ്റ്‌ വിവാദങ്ങളും നില്‍ക്കുമ്പോഴും സര്‍ക്കാര്‍ മാറേണ്ടെന്ന്‌ അറുപത്‌ ശതമാനം ആളുകള്‍ പറയുന്നുണ്ടെങ്കില്‍ കേരളത്തില്‍ ഇക്കുറി സംഭവിക്കാന്‍ പോകുന്നുത്‌ ഒരു ഇടത്‌ തരംഗമല്ലേ?


രണ്ട്‌,
സര്‍വ്വെയില്‍ പങ്കെടുത്ത പതിനയ്യായിരത്തോളം പേരില്‍ 80 ശതമാനം പേരും കിറ്റും പെന്‍ഷനും സ്വാധീനിക്കുമെന്ന്‌ പറയുന്നു. അതില്‍ വലിയ തോതില്‍ സ്വാധീനിക്കുമെന്ന്‌ പറയുന്നവര്‍ അന്‍പത്‌ ശതമാനത്തിന്‌ മുകളിലാണ്‌!

മൂന്ന്‌,

മുഖ്യമന്ത്രിയുടെ റേറ്റിംഗാണ്‌ ഭരണ തുടര്‍ച്ചയുടെ മൂന്നാംമത്തെ ഘടകം. 75 ശതമാനമെന്ന അത്ഭുതാവഹമായ റേറ്റിംങ്ങാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ ലഭിച്ചത്‌. മികച്ച പ്രകടനമെന്ന്‌ 38 ശതമാനം പേര്‍ രേഖപ്പെടുത്തിയപ്പോള്‍, ശരാശരിയെന്ന്‌ പറഞ്ഞവര്‍ 37 ശതമാനം പേര്‍. ശരാശരിയും മുഖ്യമന്ത്രിക്ക്‌ അനുകൂലമായ റേറ്റിംങ്ങ്‌ തന്നെ.


നാല്‌,

മൂന്ന്‌്‌ ഘടകങ്ങള്‍ അനുകൂലമായ സര്‍ക്കാരിനെ മറികടക്കാന്‍ പ്രതിപക്ഷത്തിന്റെ കൈവശം ഒന്നുമില്ലെന്നാണ്‌ സര്‍വ്വെ വ്യക്തമാക്കുന്നത്‌. 43 ശതമാനം പേര്‍ പ്രതിപക്ഷത്തിന്‌ കൊടുക്കുന്ന റേറ്റിംഗ്‌ മോശമെന്നാണ്‌. ബഹുഭൂരിപക്ഷം മോശമെന്ന്‌ അഭിപ്രായപ്പെടുന്ന പ്രതിപക്ഷത്തിന്‌ എന്ത്‌ ഭരണ സാധ്യതയാണ്‌ ഉള്ളത്‌.

മുകളില്‍ പറഞ്ഞ മാതൃഭൂമി ന്യൂസ്‌ – സിവോട്ടര്‍ സര്‍വ്വെയിലെ നാല്‌ ഘടകങ്ങള്‍ കേരള രാഷ്ട്രീയം എങ്ങോട്ട്‌ പോകുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്‌. പക്ഷെ ആ സൂചന സീറ്റുകളുടെ എണ്ണം പ്രവചിക്കുന്നതില്‍ പ്രതിഫലിച്ചിട്ടുണ്ടോയെന്ന്‌ സംശയമുണ്ട്‌?.പ്രതിപക്ഷം കൊണ്ട്‌ വന്ന അഴിമതി ആരോപണങ്ങളും സിപിഎമ്മിനുള്ളിലെ പ്രാദേശിക എതിര്‍പ്പുകളും എല്ലാം മറികടന്ന്‌ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ക്ഷേമ പ്രവര്‍ത്തനങ്ങളെയും ബഹുഭൂരിപക്ഷം, അതായത്‌്‌ 50 ശതമാനത്തിന്‌ മുകളില്‍ ജനങ്ങള്‍ പിന്തുണയ്‌ക്കുന്നുണ്ടെങ്കില്‍ കേരളത്തില്‍ ഭരണ തുടര്‍ച്ച മാത്രമല്ല, ഒരു ഇടത്‌്‌ സുനാമി കൂടി ഉണ്ടാകുമെന്ന്‌ നിസ്സംശയം പറയാം.