എമിറേറ്റ്സ് എയർലൈൻസ് ഏപ്രിൽ 6 മുതൽ: ഭാഗികമായി സര്‍വീസ് തുടങ്ങാൻ അനുമതി

0
21

ദുബായ്: എമിറേറ്റ്സ് എയർലൈന്‍സുകൾ ഏപ്രിൽ ആറ് മുതൽ ഭാഗികമായി സര്‍വീസ് ആരംഭിക്കും. ആദ്യഘട്ടത്തിൽ യുഎഇയിൽ നിന്ന് പുറത്തേക്കുള്ള യാത്രക്കാർക്ക് വേണ്ടി മാത്രമായിരിക്കും സര്‍വീസുകൾ. പരിമിതമായ വിമാനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കുമെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയും ദുബായ് എയര്‍പോര്‍ട്ട്സ് സിഇഒയും ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റുമായ ഷെയ്ഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂം അറിയിച്ചു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യുഎഇയിൽ വിമാന സർവീസുകൾ നിർത്തി വച്ചത്. നിയന്ത്രണങ്ങളും യാത്രാവിലക്കും നീങ്ങുന്ന മുറയ്ക്ക് യാത്രാ വിമാന സര്‍വീസുകൾ പുനഃരാരംഭിക്കാനാണ് എമിറേറ്റ്സ് അധികൃതരുടെ നീക്കം. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷകൂടി ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും സര്‍വീസുകൾ പുനഃരാരംഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.