സ്വർണക്കടത്ത് കേസ്; പ്രതികളുടെ മൊഴികൾ അല്ലാതെ മറ്റ് തെളിവുകൾ ഒന്നും ഇല്ലെന്ന് കോടതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ സുപ്രധാന നിരീക്ഷണവുമായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. കേസിൽ പ്രതികൾക്കെതിരെ മൊഴികളല്ലാതെ മറ്റ് തെളിവുകളില്ലെന്ന് കോടതി. ചാർജ് ഷീറ്റിൽ പറയുന്നത് പ്രതികൾ 20 തവണ സ്വർണം കടത്തിയെന്നാണ് എന്നാൽ പ്രതികൾ കസ്റ്റഡിയിൽ നൽകിയ മൊഴി അല്ലാതെ മറ്റു തെളിവുകളില്ലെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്‌ന സുരേഷിനും ശിവശങ്കറിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ കുറ്റകൃത്യത്തിൽ സമാന പങ്കാളിത്തമുള്ള സരിത്തിനും സന്ദീപിനും ജാമ്യത്തിന് അർഹതയുണ്ടെന്നു പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ചുമതല വഹിക്കുന്ന അഡി. സെഷൻസ് ജഡ്‌ജി ഡി. സുരേഷ് കുമാറിന്‍റെ വിധിയിൽ പറയുന്നു.

പ്രതികൾ കള്ളക്കടത്തിൽ മുഖ്യസൂത്രധാരൻമാർ ആണെന്ന് തെളിവില്ല, അന്വേഷണം ഏറെക്കുറെ പൂർത്തിയായ സ്ഥിതിക്ക് സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ സാധ്യതയില്ല എന്നും കോടതി നിരീക്ഷിച്ചു. ജാമ്യം നിഷേധിക്കാൻ മതിയായ കാരണങ്ങൾ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി