ബെയ്ജിംഗ്: തീ വിഴുങ്ങിയ ബഹുനില കെട്ടിടത്തിന്റെ 23-ാം നിലയില്‍ കുടുങ്ങിയ ആള്‍ രക്ഷപെടുന്നതിനായി കെട്ടിടത്തില്‍നിന്നു താഴേയ്ക്കു തൂങ്ങിയിറങ്ങി. ചൈനയിലെ ചോങ്കിംഗ് സിറ്റിയിലെ ഇരുപത്തിമൂന്ന് നിലയുള്ള റസിഡന്‍ഷല്‍ അപ്പാര്‍ട്ട്മെന്റിലെ തീപിടുത്തത്തില്‍നിന്നു രക്ഷപ്പെടാന്‍ ഒരാള്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണു പുറത്തായത്.

ഡിസംബര്‍ പതിമൂന്നിനായിരുന്നു സംഭവം. തീപിടിച്ച കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ആള്‍ കെട്ടിടത്തിന്റെ പുറത്തുള്ള കമ്പിയില്‍ സാഹസികമായി തൂങ്ങിനിന്ന് ഒരു ഗ്ലാസ് തകര്‍ത്ത് മറ്റൊരു മുറിയിലേക്കു പ്രവേശിക്കുവാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍.

അദ്ദേഹത്തിന്റെ ശ്രമം പരാജയപ്പെടുമ്പോള്‍ അവിടെയെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഗ്ലാസ് തകര്‍ത്ത് അദ്ദേഹത്തെ മുറിക്കുള്ളിലേക്കു കയറ്റി രക്ഷപെടുത്തുകയായിരുന്നു. നിസാര പരിക്കുകളോടെ യുവാവ് രക്ഷപ്പെട്ടു.