കൊച്ചി: അമിത മദ്യപാനം മൂലമുള്ള കരൾ രോഗമാണ് കലാഭവൻ മണിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് സിബിഐ റിപ്പോര്‍ട്ട്. സിബിഐ തന്നെ നിയോഗിച്ച രാജ്യത്തെ പ്രമുഖ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം കൂടി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു റിപ്പോർട്ട് അന്വേഷണ സംഘം സമർപ്പിച്ചത്. മദ്യപാനം മൂലമുള്ള ചൈൽഡ് സി ലിവർ സിറോസിസാണ് മരണത്തിലേക്ക് നയിച്ചത്.
മണിയുടെ രക്തത്തിൽ മീഥൈൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് മരണത്തിൽ സംശയം ഉയർത്തിയത്. വിഷം കലർത്തിയ മദ്യം നൽകി കൊലപ്പെടുത്തിയെന്ന സംശയം ബന്ധുക്കളാണ് ആദ്യം ഉന്നയിച്ചത്. താരത്തിന്റെ സുഹൃത്തുക്കളിലേക്കും സംശയം നീണ്ടു. എന്നാൽ അമിത മദ്യപാനം തന്നെയാണ് രക്തത്തിൽ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കലരാന്‍ ഇടയാക്കിയതെന്നാണ് സി.ബി.ഐ. നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നത്.
മദ്യപാനിയായ ഒരു വ്യക്തിയുടെ ശരീരത്തില്‍ ആറ് മില്ലി ഗ്രാം വരെ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടാകാം. പക്ഷെ മണിയുടെ ശരീരത്തില്‍ ഇത് നാലു മില്ലിഗ്രാം ആയതിനാല്‍ മീഥൈല്‍ ആല്‍ക്കഹോള്‍ മരണകാരണമായിട്ടില്ല. കൂടാതെ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനിയുടെ അംശം പച്ചക്കറികള്‍ വേവിക്കാതെ കഴിച്ചതിനാല്‍ ആണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.