കുവൈത്തിൽ കൊറോണ വാക്സിനേഷൻ എടുത്തവർക്ക് വിദേശത്തുപോയി മടങ്ങിവരുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ്

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ നിന്നും കൊറോണ വാക്സിനേഷൻ നടത്തിയ ശേഷം വിദേശത്ത് പോയി മടങ്ങി വരുന്നവർക്ക് ഇനി മുതൽ ക്വാറൻ്റെൻ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇവർ രാജ്യത്ത്‌ പ്രവേശിക്കുമ്പോൾ പി.സി.ആർ. സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതില്ല. ജൂൺ മാസം മുതലാണ് ഇത് നിലവിൽ വരുക. അതേസമയം വിദേശ രാജ്യങ്ങളിൽ നിന്ന് കോവിഡ്‌ പ്രതിരോധ വാക്സിൻ സ്വീകരിച്ച്‌ രാജ്യത്തേക്ക്‌ വരുന്നവർക്ക് ഈ ഇളവുകൾ ബാധകമല്ല

നിലവിൽ കുവൈത്ത്‌ അടക്കം പല രാജ്യങ്ങളും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകൽ ആരംഭിച്ചിട്ടുണ്ട്‌.എന്നാൽ സർട്ടിഫിക്കറ്റിൽ കൃത്രിമത്വം ഉണ്ടാകാനുള്ള സാധ്യത മുൻ നിർത്തിയാണു മറ്റു രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കാറ്റുമായി രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് നിലവിലെ വ്യവസ്ഥകൾ ബാധകമാക്കുന്നത്. രണ്ടു ഡോസ്‌ വാക്സിനേഷൻ പൂർത്തിയാക്കുന്നവർക്ക്‌ കഴിഞ്ഞ ദിവസം ഇലക്ട്രോണിക്‌ സർട്ടിഫിക്കറ്റ്‌ നൽകാനും കുവൈത്ത്‌ ഇന്നലെ മുതൽ ആരംഭിച്ചിരുന്നു.