കുവൈത്ത് സിറ്റി: മാനവവിഭവശേഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകളനുസരിച്ച് കുവൈത്ത് വിട്ടുപോകുന്ന പ്രവാസികളുടെ എണ്ണത്തിൽ വൻവർധന. വിവിധ കാരണങ്ങളാൽ പ്രതിദിനം മുന്നൂറോളം പ്രവാസി വർക്ക് പെർമിറ്റുകൾ റദ്ദാക്കി പോകുന്നതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. അതായത് ഓരോ മണിക്കൂറിലും 12 ഓളം പ്രവാസികൾ കുവൈത്തിലെ പ്രവാസം അവസാനിപ്പിക്കുന്നു.
പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അസ്ഹൽ സംവിധാനത്തിലൂടെ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച്
ജനുവരി 12 മുതൽ 24 വരെ 13 ദിവസത്തിനുള്ളിൽ 3,527 വർക്ക് പെർമിറ്റുകൾ റദ്ദാക്കി. വർക്ക് പെർമിറ്റുകൾ റദ്ദാക്കിയ 1,859 പേർക്ക്
സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി നൽകി. മരണം മൂലം 230 പ്രവാസികളുടെ വർക്ക് പെർമിറ്റുകളും റദ്ദാക്കി. രാജ്യത്തിന് പുറത്തുള്ളതിനാൽ 1,538 പേരുടെ പെർമിറ്റ് പുതുക്കാനാവാതെ റദ്ദാവുകയും ചെയ്തു. 39,913 വർക്ക് പെർമിറ്റുകൾ പുതുക്കിയതായും കണക്കുകൾ വ്യക്തമാക്കുന്നു