കുവൈത്ത് സിറ്റി : കവർച്ചയ്ക്ക് ഇരയായതിനെ തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് പരാതി നൽകാൻ പോയ മലയാളിയായ പ്രവാസിയെ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട് സ്വദേശി ആരാച്ചാം വീട്ടിൽ മുഹമ്മദ് റസാഖ് ( 60 ) ആണു മരിച്ചത്. കുവൈത്തിലെ അബ്ബാസിയയിലായിരുന്നു സംഭവം.
വാഹനത്തിൽ സാധനങ്ങൾ കയറ്റി കച്ചവടം നടത്തുകയായിരുന്നു റസാക്കിൻ്റെ തൊഴിൽ. കഴിഞ്ഞദിവസം ഹസാവി പ്രദേശത്ത് വച്ച് മോഷ്ടാക്കൾ ഇയാളിൽനന്ന് 2000 ദിനാർ പിടിച്ചു പറിച്ചിരുന്നു.വിവരം സ്പോൺസറെയും സഹ താമസക്കാരനേയും അറിയിച്ച ശേഷം പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയ ഇദ്ദേഹത്തെ കുറിച്ചു പിന്നീട് വിവരം ഒന്നും ഇല്ലായിരുന്നു. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
തുടർന്ന് സഹ താമസക്കാരൻ സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ അന്വേഷിച്ചതിനെ തുടർന്നാണു മൃതദേഹം ഫർവ്വാനിയ ദജീജ് മോർച്ചറിയിൽ ഉണ്ടെന്ന വിവരം ലഭിച്ചത്. സ്പോൺസർ നടത്തിയ അന്വേഷണത്തിൽ അബ്ബാസിയ ടെല കമ്മ്യൂണിക്കേഷൻ കെട്ടിടത്തിനു നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു .എന്നാൽ ഇദ്ദേഹത്തിന്റെ വാഹനവും അതിൽ ഉണ്ടായിരുന്ന 17000 ദിനാറിന്റെ കച്ചവട സാധനങ്ങളും ഇത് വരെ കണ്ടെത്തിയിട്ടില്ല. ജിലീബ് കുറ്റാന്വേഷണ വിഭാഗം കേസെടുത്ത് അന്വേഷണം നടത്തി വരികയാണു. ഭാര്യ ഷീജ, മൂന്നു മക്കളുണ്ട്.