നന്തി നാസറിന് വിട നല്‍കി ജന്മനാട്

0
42

കോഴിക്കോട്: യുഎഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായിരുന്ന നന്തി നാസറിന് വിട ചൊല്ലി ജന്മനാട്. കഴിഞ്ഞ ദിവസം യുഎഇയിൽ അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം പുലർച്ചെ രണ്ടരയ്ക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസിലാണ് ജന്മനാടായ കോഴിക്കോടെത്തിച്ചത്. രാവിലെ പതിനൊന്നരയോടെ നന്തി മുഹിയദ്ദീന്‍ പള്ളി അങ്കണത്തിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷം ഖബറടക്കം നടത്തി. നിരവധി ആളുകളാണ് നാസറിനെ അന്തിമ യാത്രയയപ്പ് നൽകാനെത്തിയത്. ഖബറടക്ക ശേഷം സുഹൃത്തുക്കളുടെ നേതൃത്വത്തിൽ അനുശോചന യോഗവും നടന്നു.

യുഎഇയിൽ പബ്ലിക് റിലേഷൻസ് സ്ഥാപനം നടത്തി വരികയായിരുന്ന നാസർ ലേബർ ക്യാമ്പുകളിലും മരുഭൂമികളിലും തോട്ടം തൊഴിൽ മേഖലകളിലും കഷ്ടപ്പെടുന്നവർക്ക് സഹായം എത്തിക്കാൻ സജീവമായി പ്രവർത്തിച്ച ആളാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ എളുപ്പത്തിലാക്കാനും ഇടപെട്ടിരുന്നു. രണ്ട് ദിവസം മുമ്പ് രാത്രി താമസസ്ഥലത്ത് വച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയായിരുന്നു മരണം.