ഡൽഹി : കർഷക പ്രക്ഷോഭം ഒത്ത് തീർപ്പാക്കാൻ അന്ത്യശാസനം നൽകി സംയുക്ത കിസാൻ മോർച്ച. ജനുവരി 26നകം കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം. അല്ലാത്ത പക്ഷം ജനുവരി 26 ന് ഡൽഹിയിൽ കിസാൻ റിപ്പബ്ളിക് റാലി നടത്തുമെന്ന് കിസാൻ മോർച്ചാ നേതാക്കൾ അറിയിച്ചു.
ജനുവരി നാലിന് നടക്കുന്ന ചർച്ചയിൽ തീരുമാനം ആയില്ലെങ്കിൽ നടത്തേണ്ട തുടർ പ്രക്ഷോഭങ്ങളുടെ കാര്യത്തിലും മോർച്ച തീരുമാനം എടുത്തിട്ടുണ്ട്. ചർച്ച പരാജയപ്പെട്ടാൽ സിംഘുവിൽ നിന്ന് കെ എം പി ഹൈവേയിൽ ട്രാക്ടർ റാലി നടത്തും. സുബാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23 ന് എല്ലാ സംസ്ഥാന രാജ്ഭവനുകളിലേയ്ക്കും മാർച്ച് സംഘടിപ്പിക്കും. അതിന് ശേഷവും സർക്കാർ വിട്ട് വീഴ്ചയില്ലാത്ത നിലപാട് തുടർന്നാൽ ജനുവരി 26 ന് ഡൽഹിയിൽ ട്രാക്ടറുകളുമായി കടന്ന് കയറി കിസാൻ റിപ്പബ്ളിക് റാലി നടത്തുമെന്നും കർഷക നേതാവ് യോഗേന്ദ്ര യാദവ് വ്യക്തമാക്കി.