വിദ്യാഭ്യാസ മന്ത്രാലയത്തിലെ സേവന വിഭാഗങ്ങളിൽ വനിതാ ജീവനക്കാർ ഇപ്പോഴും പൂർണ്ണ ശേഷിയിൽ ജോലി ചെയ്യുന്നു

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിലെ സേവന വിഭാഗത്തിൽ വനിതാ ജോലിക്കാർ ഇപ്പോഴും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നതായി വെളിപ്പെടുത്തൽ. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ ജോലിക്ക് റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാരുടെ എണ്ണം 30% മായി പരിമിതപ്പെടുത്താനുള്ള സിവിൽ സർവീസ് കമ്മീഷന്റെ (സി‌എസ്‌സി) തീരുമാനം മന്ത്രാലയം എത്രയും പെട്ടെന്ന് നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനിതാ ജീവനക്കാർ പ്രാദേശിക ദിനപത്രത്തോട് പറഞ്ഞു.

ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം എന്ന സർക്കാർ തീരുമാനം പ്രാബല്യത്തിൽ വന്ന ആദ്യ ദിവസം തന്നെ അത് നടപ്പിലാക്കിയ സർക്കാർ ഏജൻസികളിലൊന്നാണ് വിദ്യാഭ്യാസ മന്ത്രാലയം എന്ന് അധികൃതർ അവകാശപ്പെട്ടു.
ജീവനക്കാരെ ക്രമേണ വിഭജിക്കാനും
ജോലിയുടെ ഷെഡ്യൂൾ തയ്യാറാക്കാനുമായി മുഴുവൻ
ജീവനക്കാരുടെയും പട്ടിക സമർപ്പിക്കാൻ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ വിഭാഗങ്ങളോടും ആവശ്യപ്പെട്ടതായും ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്താത്ത വിഭാഗങ്ങളിൽ ഉൾപ്പെടെ പല വകുപ്പുകളിലും വിഭാഗങ്ങളിലും തീരുമാനം നടപ്പാക്കുന്നുണ്ട്.
70 ശതമാനം ജീവനക്കാരെയും ഒറ്റയടിക്ക് ഒഴിവാക്കാൻ സാധിക്കില്ലെന്നും അതുവഴി ഇടപാടുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കി.

സന്ദർശകരെ സ്വീകരിക്കുന്ന സേവന വകുപ്പുകളും പ്രമോഷനുകൾ പോലുള്ള തൊഴിൽ കാര്യങ്ങളിൽ ഇടപെടുന്ന വിഭാഗത്തിലും ആണ് തീരുമാനം തീരുമാനം നടപ്പിലാക്കാൻ ഉള്ളത്. എല്ലാ മേഖലകളും ഈ ആഴ്ച അവസാനിക്കുന്നതിനുമുമ്പ് തീരുമാനം നടപ്പാക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.