ഇക്ബാൽ മുറ്റിച്ചൂർ:
ഗ്രൂപ്പ് എ ജേതാക്കളായി ഓറഞ്ചു പട പ്രീ ക്വാർട്ടറിലേക്ക്.. ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചു. കോഡി ഗാക്‌പോയുടെയും ഫ്രെങ്കി ഡി ജോംഗിന്റെയും ഗോളുകൾക്ക് 2-0ന്റെ വിജയം ഉറപ്പിച്ച നെതർലൻഡ്‌സ് അവസാന 16-ലെത്തി.
ലൂയിസ് വാൻ ഗാലിന്റെ ടീമിന് കാര്യമായ വെല്ലുവിളികൾ ഇല്ലാതെയാണ് കളിച്ചത്. അതുകൊണ്ടുതന്നെ അവർ ആതിഥേയരെ അനായാസം തോൽപ്പിച്ച് ഗ്രൂപ്പ് എയിൽ ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.
കളിയുടെ 26-ാം മിനിറ്റിൽ ഡച്ചു പട മുന്നിലെത്തി. മെംഫിസ് ഡിപേ, കോഡി ഗാക്‌പോ, ഡേവി ക്ലാസൻ എന്നിവരുടെ കോമ്പിനേഷൻ, 23 കാരനായ ഗാക്‌പോ ഫിനിഷിങിൽ ഒരു പിഴവും വരുത്തിയില്ല, ഖത്തർ ഗോൾകീപ്പർ ബർഷാം മെഷലിനെ മറികടന്ന് പന്ത് താഴെ വലത് മൂലയിലേക്ക് കടത്തി. ടൂർണമെന്റിലെ തന്നെ അദ്ദേഹത്തിന്റെ മൂന്നാം ഗോളായിരുന്നു പിറന്നത്.
ഡച്ച് ഗോൾ മുഖത്ത് ഖത്തറിന് ആക്രമണം നടത്താൻ അവസരങ്ങളുണ്ടായിരുന്നു, ക്യാപ്റ്റൻ ഹസ്സൻ അൽ-ഹെയ്‌ദോസ് മെറൂണിന്റെ ഒരേയൊരു ക്രിയേറ്റീവ് ഷോട്ട് കീപ്പറുടെ കയ്യിലേക്കായിരുന്നു.,
രണ്ടാം പകുതിയിൽ നാല് മിനിറ്റിനുള്ളിൽ ഖത്തറിന്റെ പ്രതിരോധത്തിലെ പിഴവ് വീണ്ടും മുതലെടുത്ത ഓറഞ്ച് പട അവരുടെ ഗോൾ നേട്ടം വർദ്ധിപ്പിച്ചു.
ഖത്തറിന്റെ പെനാൽറ്റി ഏരിയയിൽ മെംഫിസ് ഡിപേയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു, അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് മെഷാൽ മികച്ച രീതിയിൽ സേവ് ചെയ്തു, എന്നാൽ റീബൗണ്ട് വന്ന പന്ത് ഫ്രെങ്കി ഡി ജോംഗ് വലയിലേക്ക് സ്ലൈഡ് ചെയ്ത് വിജയമുറപ്പാക്കി.
67-ാം മിനിറ്റിൽ, പകരക്കാരായ വിൻസെന്റ് ജാൻസണും സ്റ്റീവൻ ബെർഗൂയിസും ചേർന്ന് നെതർലൻഡ്‌സിന്റെ മൂന്നാം ഗോൾ നേടി. എന്നാൽ VAR അവലോകനത്തിന് ശേഷം, ഗാക്‌പോയുടെ ബിൽഡ്-അപ്പിൽ അത് ഹാൻഡ്‌ബോളിൽ കുടുങ്ങി.
കളിയിലേക്ക് തിരിച്ചുവരാൻ ഖത്തർ ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല. ഖത്തർ കോച്ച് ഫെലിക്സ് സാഞ്ചസിന്റെ നീക്കങ്ങളൊന്നും നെതർലൻഡ്സ്നെ പൂട്ടാൻ മാത്രം ശക്തമായിരുന്നില്ല ,
ലൂയിസ് വാൻ ഗാലിന്റെ കീഴിൽ ഡച്ചു പട ഡിസംബർ 3 ന് ശനിയാഴ്ച പ്രീ ക്വാർട്ടറിൽ ഗ്രൂപ്പ് ബിയിൽ നിന്നുള്ള റണ്ണേഴ്‌സ് അപ്പിനെ നേരിടുന്നതാണ്.