പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് സി ഗ്രൂപ് ചാംപ്യന്മാരായി അർജന്റീന പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി. മെസ്സിക്കും കൂട്ടർക്കും മുന്നിൽ കാലിടറിയെങ്കിലും 4 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതെത്തിയ പോളണ്ടും അവസാന പതിനാറിൽ ഇടംനേടി.
പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ. മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ അലെക്സിസ് മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവരാണ് അർജന്റീനക്കായി ഗോൾ നേടിയത്.
ബോക്സിന്റെ വലതുവിങ്ങിൽ നിന്നുള്ള നഹുവൽ മൊലിനയുടെ ക്രോസ് അലിസ്റ്റർ വലയിലെത്തിക്കുകയായിരുന്നു. പോളണ്ട് ബോക്സിനകത്തേക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ എൻസോ ഫെർണാണ്ടസ് നൽകിയ പന്താണ് അൽവാരസ് ഗോളാക്കിയത്. നേരത്തെ സൂപ്പർതാരം ലയണൽ മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു.
പ്രീ ക്വാർട്ടറിലേക്ക് കടക്കാൻ സമനില മതിയെന്നിരിക്കെ, പ്രതിരോധത്തിലൂന്നിയാണ് പോളണ്ട് പന്തുതട്ടിയത്. ഗോളിലേക്കുള്ള നീക്കങ്ങളൊന്നും കാര്യമായുണ്ടായില്ല. എന്നാൽ, പന്തടക്കത്തിലും പാസ്സിങ്ങിലും ആക്രമണത്തിലും അർജന്റീന ബഹുദൂരം മുന്നിലായിരുന്നു. ഗോളൊന്നുറപ്പിച്ച അർജന്റീനയുടെ പല നീക്കങ്ങളും പോളണ്ട് താരങ്ങൾ പ്രതിരോധിച്ചു. ഷോട്ട് ഓൺ ടാർജറ്റിൽ 12 തവണയാണ് അർജന്റീന തൊടുത്തത്.