കുവൈത്ത് സിറ്റി: കുവൈത്തിൽ ഫിലിപ്പീൻസ് സ്വദേശിനിയായ ഗാർഹിക തൊഴിലാളി ജീൻലിൻ വില്ലവെൻഡെയുടെ കൊലപാതകത്തിൽ കുവൈത്ത് സ്വദേശിനിയായ തൊഴിലുടമയ്ക്ക് വധശിക്ഷ തന്നെ നൽകണമെന്ന് കുവൈത്തിലെ ഫിലിപ്പൈൻ അംബാസഡർ മുഹമ്മദ് നൂറുദ്ദീൻ പെൻഡോസിനാ ലൊമോൻഡോട്ട്. ക്രിമിനൽ കോടതി കേസിലെ പ്രധാന പ്രതിയായ സ്ത്രീക്ക് വധശിക്ഷയും അവരുടെ ഭർത്താവിന് നാലു വർഷം തടവും വിധിച്ചിരുന്നു. ക്രിമിനൽ കോടതി വിധിക്ക് ശേഷം കേസ് അപ്പീൽ കോടതിയിൽ തുടരും. ഈ സാഹചര്യത്തിലാണ് വധശിക്ഷയെന്ന പരമാവധി ശിക്ഷയിൽ നിന്ന് പിറകോട്ടില്ലെന്ന് ഫിലിപ്പീൻസ് അധികൃതർ അറിയിച്ചത്.
ദേഹമാസകലം മുറിവുകളോടെ അൽ സബ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജീൻലിൻ വില്ലവെൻഡെ
2019 ഡിസംബർ 28 നാണ് മരണമടഞ്ഞത്.
ശരീരമാസകലമുള്ള മുറിവുകളും ചതവുകളും കൊലപാതകത്തിലേക്ക് വിരൽചൂണ്ടി. തുടർന്ന് എംബസി കുവൈത്ത് മനുഷ്യാവകാശ അഭിഭാഷകനായ ഷെയ്ക ഫൗസിയ അൽ സബയുടെ നിയമ സഹായം തേടി. കേസന്വേഷണത്തെ തുടർന്ന് കുവൈത്തി ദമ്പതികൾ അറസ്റ്റിലായി. 2020 ജനുവരി 8 ന് ഫിലിപ്പീൻസ് വിനത്താവളത്തിൽ എത്തിച്ച ജീൻലിൻ്റെ മൃതദേഹം ഫിലിപ്പീൻ സർക്കാർ ഉദ്യോഗസ്ഥർ സ്വീകരിച്ചു. ഒരുമാസത്തിനുശേഷം ആരംഭിച്ച കേസിൻ്റെ വിചാരണ വേളയിൽ ഫിലിപ്പൈൻ സർക്കാർ, നയതന്ത്ര ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഫിലിപ്പീൻസ് അംബാസഡർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യം കേസിലെ വിധിയെ സ്വാധീനിക്കുമെന്ന് പ്രതിഭാഗം വക്കീൽ കോടതിയിൽ വാദിച്ചു. എന്നാൽ കൊല്ലപ്പെട്ട ഫിലിപ്പൈൻസ് സ്വദേശിക്ക് നീതി ഉറപ്പാക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് അംബാസഡർ പ്രതികരിച്ചു.
കേസുമായി ബന്ധപ്പെട്ട് ഫിലിപ്പൈൻ വിദേശകാര്യ സെക്രട്ടറി ടെഡി ലോക്സിൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ “രക്തത്തിന് പകരം രക്തം, ജീവനു പകരം ജീവൻ” എന്ന ഉദ്ധരണി പോസ്റ്റുചെയ്തു. ഇത് കുവൈത്തിയിൽ ഏറെ അസ്വസ്ഥതയുണ്ടാക്കി. ഗാർഹികത്തൊഴിലാളിയുടെ മരണത്തെ തുടർന്ന് ജനുവരി മൂന്നിന് കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീന്‍സ് നിർത്തിവെച്ചു. നയതന്ത്ര ചര്‍ച്ചകളെ തുടര്‍ന്ന് പിന്നീട് റിക്രൂട്ട്മെൻറ് പുനരാരംഭിക്കുകയായിരുന്നു.
ഈ കേസിൽ കുവൈറ്റ് സർക്കാർ പ്രതിജ്ഞാബദ്ധത കാണിക്കുകയും കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ പങ്കെടുക്കാൻ ഫിലിപ്പീൻസിൽ നിന്നുള്ള അന്വേഷകരെ അനുവദിക്കുകയും ചെയ്തിതിരുന്നു.