കർഫ്യൂ ലംഘനം ; പോലീസിൻറെ ക്രൂര ശിക്ഷ നടപടിയെ തുടർന്ന് യുവാവ് മരിച്ചു

0
30

കവിറ്റ്:  കർഫ്യൂ ലംഘിച്ചതിന് ഫിലിപ്പൈൻസിൽ സുരക്ഷാഉദ്യോഗസ്ഥരുടെ ക്രൂരമായ ശിക്ഷാനടപടിയെ തുടർന്ന് യുവാവ് മരണപ്പെട്ടതായി ആരോപണം. കഴിഞ്ഞ ഏപ്രിൽ ഒന്നാം തീയതി ആയിരുന്നു സംഭവം. , 28 കാരനായ ഡാരൻ മനോഗ് പെനാരെൻഡോ ആണ് മരിച്ചത്.

കവിറ്റ് പ്രവിശ്യയിലെ ജനറൽ ട്രയാസിലെ തന്റെ താമസസ്ഥലത്തുനിന്ന് യുവാവ് വെള്ളം വാങ്ങുന്നതിനായി പുറത്തു പോയതാണെന്ന് കുടുംബാംഗങ്ങൾ പറയുന്നു. വൈകിട്ട് 6 മണിക്ക് ശേഷമാണ് യുവാവ് വീട്ടിൽ നിന്ന് പുറത്തു പോയത്.

പുറത്തിറങ്ങിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയും ശിക്ഷാനടപടി എന്നോണം ആദ്യം 100 സ്ക്വാട്ട് എക്സസൈസ് ചെയ്യാൻ ആവശ്യപ്പെടുകയും, പിന്നീടത് 300 വരെ ആക്കി എന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ശിക്ഷാ നടപടികൾക്ക് ശേഷം വീട്ടിലെത്തിയ യുവാവിന് ശാരീരിക അസ്വസ്ഥതകൾ ആരംഭിക്കുകയും പിന്നീട് ബോധം നഷ്ടപ്പെടുകയും ആയിരുന്നു എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. തുടർന്ന് രാത്രി 10 മണിയോടെ യുവാവ് മരണപ്പെട്ടു. ആഭ്യന്തര വകുപ്പും പ്രാദേശിക ഭരണകൂടവും ജനറൽ ട്രയാസ് നഗരത്തിലെ മേയറും പെനാരെൻഡോയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടതായി മാധ്യമ റിപ്പോർട്ടിൽ പറയുന്നു.