കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) പതിനെട്ടാമത് പ്രവർത്തന വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം ജനുവരി 26 ന് വെള്ളിയാഴ്ച്ച അബ്ബാസിയ പാക്കിസ്ഥാനി ഓക്സ്ഫോർഡ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. അബ്ബാസിയ, സെൻട്രൽ, ഫാഹഹീൽ എന്നീ മൂന്ന് സോണലുകളിൽ നിന്നായി 300 ൽ കൂടുതൽ അംഗങ്ങൾ പങ്കെടുത്ത ജനറൽ ബോഡി യോഗത്തിന് പ്രസിഡൻ്റ് സേവ്യർ
ആന്റണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിജയകുമാർ എൻ കെ സംഘടനയുടെ പതിനെട്ടാമത് വാർഷിക റിപ്പോർട്ടും, ട്രഷറർ സാബു നമ്പ്യാർ സാമ്പത്തിക റിപ്പോർട്ടും, വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ ഇ വി ചാരിറ്റി റിപ്പോർട്ടും, മെമ്പർഷിപ് സെക്രട്ടറി രാജേഷ്കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
പത്തൊൻപതാം പ്രവർത്തന വർഷത്തെ ഭാരവാഹികളായി ലിജേഷ് പി (പ്രസിഡൻ്റ്), ഹരിപ്രസാദ് യു കെ (ജനറൽ സെക്രട്ടറി), സാബു നമ്പ്യാർ (ട്രഷറർ), ദിലീപ് കുമാർ, നിഖിൽ രവീന്ദ്രൻ, എൽദോ ബാബു (വൈസ് പ്രസിഡൻ്റ് ), സൂരജ് കെ.വി (ജോ. ട്രഷറർ),
വിനോയി വിത്സൻ (അഡ്മിൻ സെക്രട്ടറി), വിനോജ്‌കുമാർ (ആർട്സ് സെക്രട്ടറി), സുനിൽകുമാർ (ചാരിറ്റി സെക്രട്ടറി), രാജേഷ് കുമാർ (മെമ്പർഷിപ്പ് സെക്രട്ടറി), ഉണ്ണികൃഷ്ണൻ കെ കെ (സ്പോർട്സ് സെക്രട്ടറി) രജിത് കെ സി (മീഡിയ സെക്രട്ടറി) എന്നിവർ ഭാരവാഹികളായുള്ള 29 എക്സിക്യൂട്ടീവ് അംഗങ്ങളുള്ള കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഓമനക്കുട്ടൻ കെ, സേവ്യർ ആന്റണി, ജിതേഷ് എം.പി എന്നിവരടങ്ങിയ പ്രസീഡിയം യോഗ നടപടികൾ നിയന്ത്രിച്ചു.
ഗോ ഫസ്റ്റ് എയർ ലൈൻ കമ്പനി കുവൈറ്റിലെ പ്രവാസികൾക്ക് നൽകുവാനുള്ള ടിക്കറ്റ് തുക എത്രയും വേഗം തിരികെ നൽകുവാനുള്ള നടപടി സ്വീകരിക്കുക, കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാനങ്ങൾ ഉൾപ്പെടെ ഇറങ്ങുവാനുള്ള അനുമതി നൽകി യാത്രാ സൗകര്യം വർധിപ്പിക്കുക, അപകട മരണങ്ങൾക്ക് ധനസഹായം നൽകുന്ന പ്രവാസി ഭാരതീയ ഭീമ യോജന എന്ന കേന്ദ്ര പദ്ധതിയിൽ സ്വാഭാവിക മരണമടയുന്ന പ്രവാസികളെ കൂടി ഉൾപെടുത്തുക, നിർത്തലാക്കിയ കേന്ദ്ര പ്രവാസി മന്ത്രാലയം പുനസ്ഥാപിക്കുക എന്ന് കേന്ദ്ര സർക്കാറിനോടും വ്യോമയന മന്ത്രാലയത്തോടും.
കേരള പ്രവാസി നോർക്കയുമായി ബന്ധപ്പെട്ട വിദ്യാർഥികൾക്കുള്ള ധനസഹായത്തിന്റെ നിബന്ധനകൾ ലഘൂകരിക്കുക, ക്ഷേമനിധിയിൽ അംഗമാകുവാൻ പ്രവാസികൾ പാസ്പോർട്ടിലെ ECR പേജ് അപ്‌ലോഡ് ചെയ്യണമെന്ന നിബന്ധന ഒഴിവാക്കുക,
കേരളത്തിൽ ഏറ്റവും കൂടുതൽ അവശത അനുഭവിക്കുന്ന ഓട്ടിസം, പോളിയോ തുടങ്ങിയ രോഗ ബാധിതരായ കൂട്ടികൾക്കായ് മാതാപിതാക്കൾക്കുള്ള ഹോസ്റ്റൽ സൗകര്യത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും റസിഡന്ഷ്യൽ സ്കൂളുകൾ സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങണമെന്ന് സംസ്ഥാന സർക്കാറിനോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് ആശംസകൾ നേർന്നു കൊണ്ട് മുൻ പ്രസിഡണ്ട്, മുൻ ജനറൽ സെക്രട്ടറി, അഡ്വൈസറി ബോർഡ് മെമ്പർമാർ, വനിതാവേദി, യൂണിറ്റ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു. അഡ്മിൻ സെക്രട്ടറി വിനോയി വിത്സൻ സ്വാഗതം പറഞ്ഞ യോഗത്തിന് ജോയിന്റ് ട്രഷറർ സൂരജ് കെ വി നന്ദി പറഞ്ഞു.