ഇക്ബാൽ മുറ്റിച്ചൂർ
നാലുവർഷം മുമ്പ് സെനഗലിനും ജപ്പാനും ഒരേ
പോയിന്റ്. ഗോൾ വ്യത്യാസം, ഗോളുകൾ എന്നിവയിൽ ജപ്പാനുമായി ഒന്നിച്ച അവർ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മഞ്ഞക്കാർഡ് കൂടി ലഭിച്ചതിന്റെ ഫലമായി പുറത്തായിരുന്നു.
അതൊരു കയ്പ്പുള്ള ഓർമയായിരുന്നു. ഇക്കുറി ഇക്വഡോറാണ് ഫൈനൽ വിസിലിൽ തകർന്നുവീണത്. ആദ്യ രണ്ട് മത്സരങ്ങളിൽ അവർ വളരെ നന്നായി കളിച്ചിരുന്നുവെങ്കിലും ഇവിടെ അവർ പരാജയപ്പെട്ടു.
44-ാം മിനിറ്റിൽ ബയേർ ലെവർകൂസൻ സെൻട്രൽ ഡിഫൻഡർ പിയറോ ഹിൻകാപ്പി ഇടതുവശത്ത് നിന്ന് ഇക്വഡോറിന്റെ ഇസ്മായില് സാറിനെ ബോക്സിനകത്ത് ഇടിച്ചു വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ നിന്ന് വാറ്റ്‌ഫോർഡ് ഫോർവേഡ് സാർ അത് ഗോളാക്കി മാറ്റുകയും ചെയ്തു,
ഗ്രൂപ്പ് ഘട്ടം കടന്നു മുന്നോട്ടുപോകണമെങ്കിൽ ജയിക്കണം എന്ന ബോധ്യത്തോടെ കളിയിൽ ഇത്രയും ധീരവും സാഹസികവുമായ തുടക്കം കുറിച്ച ആഫ്രിക്കൻ ചാമ്പ്യന്മാർക്ക് അർഹിക്കുന്ന ഗോളായിരുന്നു അത്.
ടൂർണമെന്റിന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ ആക്രമണ ഫുട്ബോൾ കാഴ്ചവച്ച ഇക്വഡോർ ഗ്രൂപ്പ് ഘട്ടം മറികടക്കാൻ ഒരു പോയിന്റ് മതിയെന്ന മുൻ വിധിയോടെ ഇക്വഡോർ സമനിലയ്ക്ക് വേണ്ടി കളിക്കുന്ന പോലെയായിരുന്നു.
ഇക്വഡോറിന്റെ അർജന്റൈൻ ബോസ് ഗോൺസാലോ അൽഫാരോ ഹാഫ് ടൈമിൽ രണ്ട് മാറ്റങ്ങൾ വരുത്തി, 4-4-2-ലേക്ക് ശൈലി മാറ്റി. തുടർന്ന് അദ്ദേഹത്തിന്റെ ടീം കൂടുതൽ നന്നായി കളിക്കുകയും ചെയ്തു.
സെനഗൽ കണ്ടറിഞ്ഞു തന്നെ പ്രതിരോധിക്കുകയും ചെയ്തു.
67 മത്തെ മിനിറ്റിൽ ഫെലിക്‌സ് ടോറസ് മുന്നോട്ടെടുത്ത ഒരു കോർണർ ക്ലോസ് റേഞ്ചിൽ നിന്ന് മിഡ്‌ഫീൽഡർ മോയ്‌സസ് കെയ്‌സെഡോ വലയിലെത്തിച്ചു.
എന്നാൽ അലിയു സിസെയുടെ ടീം അധികം വൈകാതെ തിരിച്ചടിച്ചു, ഒരു ഫ്രീ-കിക്കിൽ നിന്ന് മൂന്ന് മിനിറ്റിനുള്ളിൽ മുന്നിലെത്തി.
ഇക്വഡോർ ക്യാപ്റ്റൻ വലൻസിയയുടെ ഇടുപ്പിൽ തട്ടി, കൗലിബാലിയുടെ കാലിലേക്ക്, കിട്ടിയ അവസരം മുതലാക്കി ബുള്ളറ്റ് ഷോട്ടിലൂടെ പന്തു വലയിൽ എത്തിച്ചു.(2-1)
ഗ്രൂപ്പ് എയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് സെനഗൽ യോഗ്യത നേടിയത്.പ്രീ ക്വാർട്ടറിൽ ഗാരെത് സൗത്ത്ഗേറ്റിന്റെ ടീം ഇംഗ്ലണ്ടാണ് സെനഗലിന്റെ എതിരാളി.