ദക്ഷിണ കൊറിയയെ 4-1ന് തകർത്ത് ബ്രസീൽ 2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിൽ കടന്നു. അട്ടിമറി സ്വപ്‌നവുമായി എത്തിയ കൊറിയയെ ബ്രസീല്‍ നിലം തൊടാന്‍ അനുവദിച്ചില്ല. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് കാനറികളുടെ എതിരാളികള്‍.
സൂപ്പര്‍ താരം നെയ്മര്‍ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയതിന്റെ ആവേശം മത്സരത്തിന്റെ തുടക്കം തൊട്ട് ബ്രസീല്‍ ക്യാംപിൽ ദൃശ്യമായിരുന്നു. ആക്രമിച്ച് കളിച്ചാണ് ഇരുടീമുകളും തുടങ്ങിയത്. ഏഴാം മിനിറ്റില്‍ തന്നെ മഞ്ഞപ്പട കൊറിയൻ വല കുലുക്കി. വിനീഷ്യസ് ജൂനിയറാണ് ബ്രസീലിനായി ആദ്യ ഗോൾ നേടിയത്. റാഫീന്യയുടെ തകര്‍പ്പന്‍ മുന്നേറ്റത്തില്‍ നിന്നാണ് ഗോള്‍ പിറന്നത്. വലതുവിങ്ങില്‍ നിന്ന് പന്തുമായി കുതിച്ച റാഫീന്യ നല്‍കിയ ക്രോസ് റിച്ചാര്‍ലിസണ് കണക്റ്റ് ചെയ്യാനായില്ലെങ്കിലും അതെത്തിയത് മാര്‍ക്ക് ചെയ്യപ്പെടാതെയിരുന്ന വിനീഷ്യസിന്റെ കാലിലാണ്. കിട്ടിയ അവസരം മുതലെടുത്ത വിനീഷ്യസ് തകര്‍പ്പന്‍ ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു.
പെനാല്‍റ്റിയിലൂടെ ബ്രസീല്‍ വീണ്ടും ഗോളടിച്ചു. ഇത്തവണ നെയ്മറാണ് കാനറികള്‍ക്കായി ഗോളടിച്ചത്. റിച്ചാര്‍ലിസണെ ബോക്സിനുള്ളില്‍ വെച്ച് ജങ് വോയങ് വീഴ്ത്തിയതിനെത്തുര്‍ന്ന് റഫറി ബ്രസീലിന് പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത നെയ്മറിന് തെറ്റിയില്ല. ഗോള്‍കീപ്പറെ കബിളിപ്പിച്ച് സ്വതസിദ്ധമായ ശൈലിയില്‍ നെയ്മര്‍ വലകുലുക്കി. ഇതോടെ ആദ്യ 13 മിനിറ്റില്‍ തന്നെ ബ്രസീല്‍ 2-0 ന് മുന്നിലെത്തി.
രണ്ട് ഗോള്‍ വഴങ്ങിയതോടെ ദക്ഷിണ കൊറിയ ആക്രമണം ശക്തിപ്പെടുത്തി. 16-ാം മിനിറ്റില്‍ കൊറിയയുടെ ഹവാങ് ഹീ ചാന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസണ്‍ തട്ടിയകറ്റി. എന്നാല്‍ മറുവശത്ത് രണ്ട് ഗോളടിച്ചിട്ടും ബ്രസീൽ ആക്രമണം തുടർന്നു. 29ാം മിനിറ്റില്‍ അവര്‍ വീണ്ടും വലകുലുക്കി. ഇത്തവണ റിച്ചാര്‍ലിസണാണ് ബ്രസീലിനായി വലകുലുക്കിയത്. മികച്ച ടീം ഗെയിമിന്റെ ഫലമായാണ് ഗോള്‍ പിറന്നത്. നീക്കത്തിന് തുടക്കമിട്ടത് റിച്ചാര്‍ലിസണാണ്. പന്ത് കാലില്‍ തട്ടിത്തട്ടി പ്രതിരോധതാരങ്ങളെ അമ്പരപ്പിച്ച റിച്ചാര്‍ലിസണ്‍ അത് മാര്‍ക്വിനോസിന് നല്‍കി മുന്നോട്ട് കുതിച്ചു. ഈ സമയം മാര്‍ക്വിനോസ് പന്ത് തിയാഗോ സില്‍വയ്ക്ക് കൈമാറി. സില്‍വ റിച്ചാര്‍ലിസണിലേക്ക് പന്ത് നീട്ടിനല്‍കി. പന്ത് സ്വീകരിച്ച റിച്ചാര്‍ലിസണ്‍ അനായാസം ലക്ഷ്യം കണ്ട് കാനറികളുടെ ലീഡുയര്‍ത്തി. കഴിഞ്ഞ ഒന്‍പത് മത്സരങ്ങളില്‍ നിന്നായി റിച്ചാര്‍ലിസണ്‍ നേടുന്ന 10ാം ഗോളാണിത്.
മൂന്നാം ഗോള്‍ വഴങ്ങിയതിന്റെ ഞെട്ടല്‍ മാറും മുന്‍പ് ബ്രസീല്‍ വീണ്ടും കൊറിയൻ വല കുലുക്കി. ഇത്തവണ ലൂക്കാസ് പക്വെറ്റയാണ് മഞ്ഞപ്പടക്കായി വലകുലുക്കിയത്. 36ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. വിനീഷ്യസ് ജൂനിയര്‍ നല്‍കിയ ക്രോസ് തകര്‍പ്പന്‍ ഷോട്ടിലൂടെ പക്വെറ്റ വലയിലെത്തിച്ചു. ഇതോടെ മഞ്ഞപ്പട ആഘോഷത്തിമിര്‍പ്പിലായി. ഓരോ ഗോള്‍ അടിക്കുമ്പോഴും എല്ലാ ടീം അംഗങ്ങളും പരിശീലകനും ചേര്‍ന്ന് അത് നൃത്തച്ചുവടുകളിലൂടെ ആഘോഷമാക്കി. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ റിച്ചാര്‍ലിസണ്‍ സുവര്‍ണാവസരം പാഴാക്കി.