സ്വിസിനെതിരെ പറങ്കികളുടെ ആറാട്ട് , ക്വാർട്ടറിൽ മൊറൊക്കോ എതിരാളി

0
13

ഇക്ബാൽ മുറ്റിച്ചൂർ

സ്വിറ്റ്സർലൻഡിനെ 6-1ന് തകർത്ത് പോർച്ചുഗൽ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.ആദ്യ ഇലവനിൽ
ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്താതെ ബെഞ്ചിലിരുത്തിയ കോച്ചിന്റെ പരീക്ഷണം, തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ കോച്ചിന്റെ വിശ്വാസത്തെ കാത്തുകൊണ്ട് റാമോസിന്റെ ഹാട്രിക്കാണ് പറങ്കികളുടെ ആറാട്ടിൽ മികച്ചു നിന്നത്.

റൊണാൾഡോയ്ക്ക് പകരക്കാരനായി തുടങ്ങിയ 21 കാരനായ റാമോസ് 1958-ൽ പെലെയ്ക്ക് ശേഷം ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.

പോർച്ചുഗലിന് വേണ്ടി ബാക്കിയുള്ള 3 ഗോളുകൾ സീനിയർ താരം പെപ്പെ, റാഫേൽ ഗുറേറോ, റാഫേൽ ലിയോ എന്നിവരും ലക്ഷ്യം കണ്ടു.

118 രാജ്യാന്തര ഗോളുകൾ എന്ന റെക്കോർഡ് ഉള്ള ഒരു കളിക്കാരനെ ഒഴിവാക്കുക എന്നത് കോച്ച് ഫെർണാണ്ടൂർ സാൻഡോസിന്റെ ധീരമായ തീരുമാനമായിരുന്നു. അത് ശരിവെക്കുന്ന തരത്തിൽ ആയിരുന്നു ടീമിന്റെ പ്രകടനം.

സാന്റോസിന്റെ വിശ്വാസത്തിന് മങ്ങലേൽപ്പിക്കാതെ റൊണാൾഡോ ഇതുവരെ ചെയ്യാത്ത നേട്ടം കൈവരിക്കാനും റാമോസിന് വെറും 17 മിനിറ്റ് വേണ്ടി വന്നുള്ളൂ.

ജോവോ ഫെലിക്‌സ് റാമോസിന്റെ കാലുകളിലേക്ക് സമർത്ഥമായി ക്ലിപ്പ് ചെയ്‌ത പന്ത്, ഫാബിയൻ സ്‌കറെയെ മറികടന്ന് വലയുടെ ഇടതു മൂലയിലേക്ക് അടിച്ചുകയറ്റി. സ്വിസിന്റെ എക്കാലത്തെയും മികച്ച കീപ്പറായ യാൻ സോമറിനെ നിഷ്പ്രഭനാക്കി മറികടന്നു പന്തു വലയിലേക്ക്.

ബ്രൂണോ ഫെർണാണ്ടസ് എടുത്ത കിക്കിൽ 39 കാരനായ പെപ്പെ സ്വിസ് പ്രതിരോധത്തിന് മുകളിലൂടെ ഉയർന്ന് ചാടി തകർപ്പൻ ഹെഡറിലൂടെ രണ്ടാം ഗോൾ.

രണ്ടാം പകുതിയുടെ 6 മിനിറ്റ് കഴിഞ്ഞപ്പോൾ വലതുവശത്ത് നിന്ന് ഡാലോട്ടിന്റെ ക്രോസിൽ നിന്ന് റാമോസ് ക്ലോസ് റേഞ്ചിൽ നിന്ന് തിരിഞ്ഞു തന്റെ രണ്ടാം ഗോളും നേടി.

സ്വിസ് പ്രതിരോധം നിഷ്‌കരുണം പിളർന്നപ്പോൾ വെറും നാല് മിനിറ്റിനുള്ളിൽ പോർച്ചുഗീസ് അറ്റാക്കിലൂടെ റാമോസിന്റെ അസിസ്റ്റിൽ ഗ്വെറിറോയുടെ തകർപ്പൻ ഷോട്ടിൽ നാലാമത്തെ ഗോളും പിറന്നു.

തൊട്ടടുത്ത നിമിഷം സ്വിസിന് ലഭിച്ച കോർണർ കിക്കിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന മാനുവൽ അകാൻജി പിഴവില്ലാതെ ലക്ഷ്യത്തിലെത്തിച്ചു. സ്വിസിന്റെ ആശ്വാസ ഗോളായിരുന്നു അത്.

66 മത്തെ മിനിറ്റിൽ പറങ്കികളുടെ വീണ്ടുമൊരു കൗണ്ടർ, ഫെലിക്‌സിന്റെ മികച്ച പാസിൽ റാമോസ് തന്റെ ഹാട്രിക് പൂർത്തിയാക്കി, 5-1

ഇഞ്ചുറി ടൈമിൽ ഒരു തകർപ്പൻ കേളിംഗ് സ്‌ട്രൈക്കിലൂടെ ലീവോ പോർച്ചുഗൽ ആറാട്ട് അവസാനിപ്പിച്ചു.

തുടർച്ചയായ മൂന്നാം തവണയാണ് സ്വിറ്റ്സർലാൻഡ് ലോകകപ്പിലെ നോക്കൗട്ട് റൗണ്ടിൽ നിന്നും പുറത്താകുന്നത്. 1956 ലെ ക്വാർട്ടർ ഫൈനലിൽ 7-5 ന് തോൽവി ഏറ്റുവാങ്ങിയതിനു ശേഷം ഇത് രണ്ടാം തവണയാണ് അവർ ആറു ഗോളുകൾ വഴങ്ങുന്നത്. മാത്രമല്ല ഇതോടെ പ്രീക്വാർട്ടറിൽ തങ്ങളുടെ 5 മത്സരങ്ങളിലും സ്വിസ് പരാജയപ്പെടുകയും ചെയ്തു.

രണ്ടാമത്തെ ഗോൾ നേടിയ പെപ്പേ ലോകകപ്പിൽ ഏറ്റവും പ്രായം കൂടിയ ഗോൾ നേടുന്ന രണ്ടാമത്തെ കളിക്കാരൻ ആയി മാറി.

ഈ വിജയത്തോടെ 1966,2006 ന് ശേഷം ഇത് മൂന്നാം തവണയാണ് ലോകകപ്പിൽ പറങ്കികൾ ക്വാർട്ടർ ഫൈനലിൽ എത്തുന്നത്.അട്ടിമറി വീരന്മാരായ ആഫ്രിക്കൻ ടീമായ മൊറൊക്കയാണ് ക്വാർട്ടർ ഫൈനലിലെ പറങ്കികളുടെ എതിരാളി.