ചരിത്രം രചിച്ച് മൊറോക്കൊയുടെ മടക്കം

0
22

പ്രവചനങ്ങളെയും പതിവ് രീതികളെയും നിഷ്പ്രഭമാക്കിയാണ് ആഫ്രിക്കൻ രാജ്യമായ മൊറൊക്കോ ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തത്. ആരെയും കൂസാത്ത പോരാട്ടവീര്യത്തിന്റെ വീറിനും വാശിക്കും മുൻപിൽ വമ്പന്മാർക്ക്‌ പോലും അടിപതറി. ഭാഗ്യം തുണച്ചല്ല മൊറൊക്കോ ജയിച്ചുകയറിയത്, കാൽപന്ത് കളിയുടെ അനുഭവ സമ്പത്തും കളിക്കളത്തിലെ ആത്മവിശ്വാസവും ഒത്തിണങ്ങിയ മികച്ച നിലവാരമുള്ള കളിയാണ് മൊറൊക്കോ പുറത്തെടുത്തത്.

ലോകകപ്പ് സെമിഫൈനൽ കളിച്ച ആദ്യ ആഫ്രിക്കൻ രാജ്യമെന്ന നേട്ടവും മൊറോക്കോ സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ വിറപ്പിച്ചാണ് സെമിയിൽ മൊറൊക്കോ മുട്ടുകുത്തിയത്. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ക്രൊയേഷ്യയോടാണ് ഏറ്റുമുട്ടുന്നത്.

നിരീക്ഷകരുടെ കണ്ണുകൾ ഒരിക്കൽ പോലും മൊറോക്കയെ തിരഞ്ഞില്ല, പ്രവചനങ്ങളിൽ എവിടെയും മൊറോക്കോ എന്ന പേര് ആരും കേട്ടില്ല. പക്ഷെ വലിദ് റാഗ്റാഗി എന്ന പരിശീലകൻ മെനഞ്ഞെടുത്ത തന്ത്രങ്ങൾ കാലുകളിൽ ആവാഹിച്ച് മൈതാനങ്ങളിൽ നടപ്പിലാക്കുന്ന ഒത്തൊരുമയുള്ള ടീമിന്റെ വീര്യം ബെൽജിയം, ക്രൊയേഷ്യ, സ്പെയിൻ, പോർച്ചുഗൽ എന്നിവർ അനുഭവിച്ചറിഞ്ഞു.

ലോക ചാമ്പ്യന്മാരും കരുത്തരുമായ ഫ്രാൻസിന് മാത്രമാണ് മൊറൊക്കോയെ പിടിച്ചുകെട്ടാനായത്. എതിരില്ലാത്ത രണ്ട് ഗോളുകൾ നേടിയാണ് ഫ്രാൻസ് ഫൈനലിൽ എത്തിയത്. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് അർജന്റ്റിനയെ നേരിടും.