സൗദി അറേബ്യയെ തോൽപ്പിച്ചെങ്കിലും ഗോൾ വ്യത്യാസത്തിൽ മെക്സിക്കോ ലോകകപ്പിൽ നിന്ന് പുറത്ത്

0
19

ഗ്രൂപ്പ് സിയിലെ നാടകീയമായ അവസാന മത്സരത്തിൽ സൗദി അറേബ്യയെ 2-1 ന് തോൽപ്പിച്ചിട്ടും മെക്സിക്കോ ഗോൾ വ്യത്യാസത്തിൽ ലോകകപ്പിൽ നിന്ന് പുറത്തായി.

രണ്ടാം പകുതിയിൽ ഹെൻറി മാർട്ടിൻ, ലൂയിസ് ഷാവേസ് എന്നിവരുടെ ഗോളുകൾ മെക്‌സിക്കോയ്‌ക്ക് വിജയം ഉറപ്പിച്ചുവെങ്കിലും സേലം അൽ-ദൗസാരിയുടെ അവസാന മിനുട്ടിലെ ഗോളിനെ തുടർന്ന് അവർ പോളണ്ടിന് പിന്നിൽ മൂന്നാം സ്ഥാനത്തെത്തി.

പോളണ്ടും മെക്സിക്കോയും അടിച്ച ഗോളുകളും വഴങ്ങിയ ഗോളുകളും എല്ലാം ഒരുപോലെയായപ്പോൾ, ഒരു ഗോൾ കൂടി സൗദി വലയിൽ എത്തിച്ചാൽ മെക്സിക്കോ പ്രീക്വാർട്ടർ കടക്കും എന്ന സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ ഗോൾ വ്യത്യാസം മെച്ചപ്പെടുത്താനുള്ള ശ്രമത്തിൽ മെക്സിക്കോ മൂന്നാം ഗോളിനായി തീവ്രശ്രമം നടത്തിയെങ്കിലും അവസാനം ഫലവത്തായില്ല.

തങ്ങളുടെ ആദ്യ മത്സരത്തിൽ അർജന്റീനയ്‌ക്കെതിരെ സൗദി അറേബ്യ നേടിയ വിജയം ലോകകപ്പിലെ വലിയ അട്ടിമറികളിലൊന്നായിരുന്നു, എന്നാൽ അവരുടെ രണ്ടാം മത്സരത്തിൽ പോളണ്ടിനോട് 2-0 ന് തോറ്റതോടെ അവർ പുറകിലേക്ക് പോവുകയായിരുന്നു.

1994 ന് ശേഷം ആദ്യമായി നോക്കൗട്ട് റൗണ്ടിലെത്തിക്കാനായി സൗദി ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു ചരിത്രത്തിനായി കോച്ച് ഹെർവ് റെനാർഡ് സൗദി ടീമിന് നിർദ്ദേശങ്ങൾ നൽകിയെങ്കിലും ഗോൾ മാത്രം അന്യം നിന്നു.

44 വർഷത്തിന് ശേഷം ആദ്യമായി തങ്ങളുടെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കുന്നതിൽ പരാജയപ്പെട്ട മെക്സിക്കോ, തുടർച്ചയായ എട്ടാം ലോകകപ്പിൽ അവസാന 16 ലെത്താനുള്ള അവസരം നിലനിൽക്കണമെങ്കിൽ വിജയം അനിവാര്യമാണെന്ന് അറിയാമായിരുന്നു.

അർജന്റീനയ്‌ക്കെതിരായ 2-0 തോൽവിയിൽ മെക്‌സിക്കോ ബോസ് ജെറാർഡോ മാർട്ടിനോ ഉപയോഗിച്ച അഞ്ചു പ്രതിരോധനിരയെ ഉപേക്ഷിച്ച് ആക്രമണത്തിന് നേതൃത്വം നൽകാൻ മുൻ താരം മാർട്ടിനെ കൊണ്ടുവന്നു. ഇത് ഏറെ ഗുണവും ചെയ്തു. സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ-ഒവൈസ്ന് തലവേദന സൃഷ്ടിച്ചുകൊണ്ട് പലപ്പോഴും മെക്സിക്കൻ തിരമാലകൾ പോലെ മുൻ നിര ആക്രമിച്ചു കളിച്ചു .

അർജന്റീനയ്‌ക്കെതിരായ 2-1 വിജയത്തിലെ നായകന്മാരിൽ ഒരാളായ സൗദി കീപ്പർ അൽ-ഒവൈസ് തന്നെയാണ് മെക്സിക്കയുടെ വിധിയും നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്.

47 മത്തെ മിനിറ്റിൽ കോർണർ കിക്ക് ഭദ്രമായി ഫിനിഷ് ചെയ്ത് മാർട്ടിൻ ഒരു ഗോൾ ലീഡ് നൽകി.
തൊട്ടു പിന്നാലെ 30 മീറ്റർ അകലെ നിന്ന് ടോപ് കോർണറിലേക്ക് ചാവേസ് ഒരു ഫ്രീകിക്ക് തൊടുത്തപ്പോൾ അഞ്ച് മിനിറ്റിനുള്ളിൽ മെക്സിക്കോയുടെ രണ്ടാം ഗോൾ എത്തി. മഴവില്ല് പോലെ വളഞ്ഞ പന്ത് ബാറിനു താഴെ പറന്നു തടുക്കാൻ ശ്രമിച്ച ഒവൈസിക്ക് ഒരു പഴുതും നൽകാതെ പന്ത് ഗോൾവലയിൽ പതിഞ്ഞു.

അർജന്റീനയും പോളണ്ടും തമ്മിലുള്ള സ്‌കോറിൽ കണ്ണുവെച്ച്, മെക്‌സിക്കോ മൂന്നാം ഗോളിനായി തളരാതെ മുന്നേറിയെങ്കിലും ഫലം കണ്ടില്ല. ഇഞ്ചുറി ടൈമിൽ സൗദിയുടെ ആശ്വാസ ഗോൾ. 2-1 ന് മെക്സിക്കോ ജയിച്ച് പോളണ്ടുമായി പോയിന്റിൽ ഒന്നിച്ചെങ്കിലും ഗോൾ വ്യത്യാസത്തിൽ മെക്സിക്കോയും പുറത്തായി.

ഇക്ബാൽ മുറ്റിച്ചൂർ