അര്‍ജന്റീന ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടറിൽ. ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് മെസ്സിയുടെയും സംഘത്തിന്റെയും ക്വാര്‍ട്ടര്‍ പ്രവേശനം. കളിയുടെ 35-ാം മിനുട്ടില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് ആദ്യ ഗോള്‍ നേടിയത്. ഒട്ടാമെന്‍ഡി നല്‍കിയ പാസ് കാലില്‍ സ്വീകരിച്ച മെസ്സിയുടെ മാജിക്കല്‍ ഷോട്ട് ഓസ്‌ട്രേലിയന്‍ വലയിലേക്ക്.
65-ാം മിനുട്ടില്‍ ജൂലിയന്‍ അല്‍വാരസ് അര്‍ജന്റീനയ്ക്കായി രണ്ടാം ഗോള്‍ നേടി. ഓസീസ് പ്രതിരോധം നല്‍കിയ പന്ത് സ്വീകരിച്ച ഗോള്‍ കീപ്പര്‍ അത് ക്ലിയര്‍ ചെയ്യാതെ അലക്ഷ്യമായ ഷോട്ടിന് ശ്രമിച്ചു. പന്ത് നേരെ അല്‍വാരസിന്റെ കാലുകളിലേക്ക്. പന്ത് വലയിലേക്കെത്തിക്കാന്‍ അല്‍വാരസിന് രണ്ടിലൊന്ന് ചിന്തിക്കേണ്ടി വന്നില്ല.
രണ്ട് ഗോളിന് ശേഷം ഉണര്‍ന്നു കളിച്ച ഓസീസ് പട 77-ാം മിനുട്ടില്‍ അര്‍ജന്റീനയുടെ വലകുലുക്കി. 25 വാര അകലെ നിന്ന് ഓസീസ് താരം ഗുഡ്വിന്‍ തൊടുത്ത ഷോട്ട് അര്‍ജന്റീനിയന്‍ താരം എന്‍സോ ഫെര്‍ണാണ്ടസിന്റെ ദേഹത്ത് തട്ടി വലയിലേക്ക് കയറുകയായിരുന്നു. ഗോളിന് ശേഷം അര്‍ജന്റീനിയന്‍ ഗോള്‍ മുഖത്തേയ്ക്ക് നിരന്തരം ആക്രമണം അഴിച്ചുവിടുന്ന ഓസീസ് പടയെയാണ് പിന്നീട് കണ്ടത്. എന്നാല്‍ മുന്നേറ്റങ്ങള്‍ ഗോളാക്കാന്‍ ഓസീസ് ടീമിനായില്ല.അമേരിക്കയെ തകര്‍ത്തെത്തുന്ന നെതര്‍ലന്‍ഡ്‌സുമായാണ് അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. ഇന്നലെ നടന്ന ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അമേരിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ഓറഞ്ച് പടയുടെ ക്വാര്‍ട്ടര്‍ പ്രവേശനം.