ഇന്‍ജുറി ടൈമില്‍ ബ്രസീലിനെ വീഴ്ത്തി കാമറൂണ്‍

0
45

ഖത്ത‍‍ർ ലോകകപ്പിൽ വമ്പന്മാർക്ക് അടിപതറി . ഇന്‍ജുറി ടൈമില്‍ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് കാമറൂണ്‍ വലകുലുക്കി.ബ്രസീലിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണിന്റെ വിജയം.കാമറൂൺ സ്‌ട്രൈക്കറും ക്യാപ്റ്റനുമായ വിന്‍സെന്റ് അബൗബക്കറാണ് 92ാം മിനിറ്റിൽ ബ്രസീലിന്റെ വലിക്കിയത് .പ്രീ ക്വാര്‍ട്ടർ ഉറപ്പിച്ചിരിക്കുന്ന കാനറികളെ ഞെട്ടിക്കുന്ന ഗോൾ ആയിരുന്നു ഇത്.

14-ാം മിനിറ്റിലാണ് ബ്രസീൽ ആദ്യ ഗോള്‍ ശ്രമം നടത്തിയത്. മാര്‍ട്ടിനെല്ലിയുടെ ഹെഡ്ഡര്‍ കാമറൂണ്‍ ഗോള്‍കീപ്പര്‍ ഡെവിസ് എപ്പാസി തട്ടിയകറ്റി. ബ്രസീല്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും കാമറൂണ്‍ പ്രതിരോധം അതിനെ നേരിടുകയായിരുന്നു. രണ്ടാം പകുതിയിൽ ഇരുടീമും ഒപ്പത്തിനൊപ്പം പോരാടുന്ന കാഴ്ചയാണ് കണ്ടത്. 51ാം മിനുട്ടിൽ അൻഗ്യൂഷ്യയുടെ പാസിൽ അബൂബക്കർ അടിച്ച ഷോട്ട് ബ്രസീൽ പോസ്റ്റിനെ തൊട്ടടുത്ത് കൂടെ കടന്നുപോയി. 85-ാം മിനിറ്റില്‍ റാഫീന്യയുടെ ക്രോസില്‍ ബ്രൂണോയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. 89-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം പെഡ്രോയും പാഴാക്കി. എന്നാല്‍ ഇന്‍ജുറി ടൈമില്‍ ബ്രസീലിനെ അട്ടിമറിച്ചുകൊണ്ട് കാമറൂണ്‍ ഗോൾ നേടുകയായിരുന്നു. ഹെഡ്ഡറിലൂടെ അബൗബക്ക‍ർ കാമറൂണിനായി വലകുലുക്കി. ​ഗോൾ നേടിയതിന്റെ ആഹ്ലാദം ജഴ്‌സി ഊരി പ്രകടിപ്പിച്ച അബൗബക്കർ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. തൊട്ടു പിന്നാലെ കാനറികളുടെ തോൽവി സംഭവിച്ചു.