ദക്ഷിണകൊറിയ പ്രീക്വാർട്ടറിൽ, പോര്‍ച്ചുഗല്‍ നോക്കൗട്ട് റൗണ്ടിലേക്ക്

0
26

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ അടപടലം ഞെട്ടിച്ച ഹ്യുങ് മിന്‍ സണ്ണിന്റെ ദക്ഷിണ കൊറിയ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയുടെ വിജയം. ഗ്രൂപ്പിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. രണ്ട് ജയത്തിന് പിന്നാലെ ഒരു തോല്‍വി വഴങ്ങിയ പോര്‍ച്ചുഗലിന് ആറ് പോയിന്റുകളാണുള്ളത്. ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി നാല് പോയിന്റുള്ള ദക്ഷിണ കൊറിയ ഗ്രൂപ്പില്‍ രണ്ടാമനായി.

കളിയുടെ അഞ്ചാം മിനുട്ടില്‍ റിക്കാര്‍ഡോ ഹോര്‍ട്ടയിലൂടെ നേടിയ ലീഡ് അധികനേരം നിലനിര്‍ത്താന്‍ പറങ്കിപ്പടയ്ക്ക് കഴിഞ്ഞില്ല. 27-ാം മിനുട്ടില്‍ കിം യുങ് ഗൗണിലൂടെ കൊറിയ തിരിച്ചടിച്ചു. പന്തടക്കത്തില്‍ പോര്‍ച്ചുഗല്‍ മുന്നിട്ടു നിന്നെങ്കിലും ആക്രമണത്തില്‍ ദക്ഷിണ കൊറിയ ഒപ്പം പിടിച്ചു. 91-ാം മിനുട്ടില്‍ അധ്വാനം ഫലം കണ്ടു. സ്വന്തം പോസ്റ്റില്‍ നിന്ന് വീണ്ടെടുത്ത പന്തുമായി കൊറിയയുടെ പ്രത്യാക്രമണം. സണ്ണിന്റെ ത്രൂബോള്‍ അസിസ്റ്റ് ഹ്വാങ് ഹീ ചാന്‍ വലയിലാക്കി. ഘാനയെ രണ്ട് ഗോളിന് തോല്‍പിച്ചെങ്കിലും യുറഗ്വായ്ക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാനായില്ല. ഗോളെണ്ണത്തില്‍ ദക്ഷിണ കൊറിയയെ മറികടക്കാന്‍ കഴിയാത്തതാണ് സുവാരസിനും സംഘത്തിനും മടക്ക ടിക്കറ്റിന് വഴിയൊരുക്കിയത്.