ഞായറാഴ്ച വരെയുള്ള കണക്കുകൾ അനുസരിച്ച് ഫുട്ബോൾ ലോകകപ്പിൻ്റെ 29.50 ലക്ഷം ടിക്കറ്റുകൾ ഇതുവരെ വിറ്റഴിച്ചതായി ഫിഫ. ഫിഫയുടെ വരുമാനം റെക്കോർഡ് തുകയായ 7.5 ബില്യൻ ഡോളറിലേക്ക് എത്തിക്കാൻ ടൂർണമെന്റ് സഹായിച്ചതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ വ്യക്തമാക്കി.
ഖത്തറിന്റെ ആതിഥേയത്വവുമായി ബന്ധപ്പെട്ട നിരവധി പ്രതികൂല പ്രചരണങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും ആരാധകർക്കിടയിൽ മത്സരങ്ങൾക്ക് മികച്ച പ്രതികരണമാണുള്ളത്.
2018ലെ റഷ്യൻ ലോകകപ്പിൽ 24 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കറ്റ് വിൽപനയിൽ റഷ്യയെ ഇതിനോടകം ഖത്തർ മറികടന്നു. ഖത്തർ, സൗദി അറേബ്യ, അമേരിക്ക, മെക്സിക്കോ, ബ്രിട്ടൻ, യുഎഇ, അർജന്റീന, ഫ്രാൻസ്, ഇന്ത്യ, ബ്രസീൽ രാജ്യങ്ങളാണ് ടിക്കറ്റ് വാങ്ങുന്നതിൽ മുന്നിൽ.