ഡ്രോൺ ആക്രമണത്തിൽ മൂന്നറിയിപ്പുമായി സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യം വെച്ചാൽ തിരിച്ചടിക്കും. രണ്ട് തരം സ്ഫോടക വസ്തുക്കൾ ജമ്മു വ്യോമ കേന്ദ്രത്തിലെ ആക്രമണത്തിന് ഉപയോഗിച്ചതായി വ്യോമസേനാ മേധാവി പറഞ്ഞു. തീയറ്റർ കമാന്റ് രൂപീകരിക്കുന്നതിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിലപാടിനെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൂരിയ തള്ളി
ജമ്മു വ്യോമ കേന്ദ്രത്തിലെ ഇരട്ട ഡ്രോൺ ആക്രമണം പോലുള്ളവ തുടർന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി. യോജിച്ച സമയത്തും സ്ഥലത്തും വെച്ച് തിരിച്ചടിക്കും. എത് രീതിയിൽ തിരിച്ചടിക്കണമെന്ന് ഇന്ത്യ തീരുമാനിക്കുമെന്നും ഗ്ലോബൽ കൗണ്ടർ ടെററിസം ഗ്രൂപ്പ് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെ റാവത്ത് പറഞ്ഞു. ജമ്മു വ്യോമ കേന്ദ്രത്തിലെ ആക്രമണത്തിൽ ഉപകരണങ്ങളെ തകർക്കാനും , മനുഷ്യ നാശം ഉണ്ടാക്കുന്നതിനും വ്യത്യസ്ത സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചു. ഇത് വ്യക്തമാക്കുന്നത് ആക്രമണം വലിയ തോതിൽ അസൂത്രണം ചെയ്തുവെന്നാണെന്ന് വ്യോമ സേനാ മേധാവി എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൂരിയ പറഞ്ഞു. എല്ലാ വ്യോമ കേന്ദ്രങ്ങളിലും ഡ്രോൺ പ്രതിരോധ സംവിധാനം എർപ്പെടുത്തുമെന്നും ബദൂരിയ വ്യക്തമാക്കി. അതേസമയം ആക്രമണത്തിന് ഉപയോഗിച്ചത് വിദേശ ഡ്രോണുകളാണെന്ന് സർക്കാരിന് ഡ്രോണുകൾ വിതരണം ചെയ്യുന്ന കമ്പനി വ്യക്തമാക്കി. ലൈസൻസിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ നിർമ്മാണം. വാണിജ്യ അടിസ്ഥാനത്താൽ വാങ്ങുന്നതിന് അവയുടെ സാങ്കേതിക വിദ്യ ലഭ്യമല്ലെന്നും കമ്പനി വ്യക്തമാക്കി. അതിനിടെ തീയറ്റർ കമാന്റിൽ വ്യോമസേനയ്ക്ക് പ്രാധാന്യം നൽകുന്നില്ലന്നെ വിമർശനയായി വ്യോമസേനാ മേധാവി രംഗത്തെത്തി. പ്രതിരോധ സേനകൾക്ക് പിന്തുണ നൽകുന്ന വിഭാഗമാണ് വ്യോമസേനയെന്ന ബിപിൻ റാവത്തിന്റെ വാദത്തെ ബദൂരിയ തള്ളി. സംയുക്ത യുദ്ധത്തിൽ വ്യോമ സേനയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. തീയറ്റർ കമാന്റിന് എതിരല്ല, ആശങ്കകൾ ആഭ്യന്തര ചർച്ചയിൽ ഉന്നയിച്ചിട്ടുണ്ടെന്നും എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൂരിയ പറഞ്ഞു. രാജ്യത്ത് മൂന്ന് സേനകളും പ്രത്യേക കമാന്റുകളായാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇവയെ സംയോജിപ്പിച്ച് 5 തീയറ്റർ കമാന്റുകൾ രൂപീകരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം