കൊറോണ ഗൊറില്ലകളെയും കീഴടക്കി

0
15

അമേരിക്കയിലെ സാൻഡീയാഗോ സൂ സഫാരി പാർക്കിലെ മൂന്ന് ഗോറില്ലകൾക്ക് കൊറോണ സ്ഥിരീകരിച്ചതായി യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. വൈറസ് ബാധിച്ച ലോകത്തെ ആദ്യത്തെ ആൾക്കുരങ്ങുകൾ ആണിത്.
മൃഗശാലയിലെ എട്ടു പേരടങ്ങുന്ന ഗൊറില്ല സംഘത്തിലെ നേതാവിന് അടക്കം മൂന്ന് പേർക്കാണ് കോവിഡ് ബാധിച്ചതെന്ന് സൂ സഫാരി പാർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ലിസ പീറ്റേഴ്‌സൺ പറഞ്ഞു. എട്ട് ഗോറില്ലകളെയും ഒരുമിച്ച് സൂക്ഷിക്കാനും ഇവയെ സൂക്ഷ്മമായി നിരീക്ഷിക്കാനും തീരുമാനിച്ചതായും അവർ അറിയിച്ചു.

ലോകത്ത് വൈറസ് ബാധിച്ച ഏഴാമത്തെ മൃഗമാണ് ഗോറില്ല. കടുവ, സിംഹം, മിങ്ക്, മഞ്ഞു പുള്ളിപ്പുലികൾ, നായ്ക്കൾ, വളർത്തു പൂച്ചകൾ എന്നിവയിൽ നേരത്തെ അണുബാധ സ്ഥിരീകരിച്ചിരുന്നു. നെതർലാൻഡ്‌സിലും ഡെൻമാർക്കിലും മിങ്ക്കളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മറ്റ് ജീവജാലങ്ങൾക്ക് മനുഷ്യരിലേക്ക് രോഗം പടർത്താം എന്നതിന് തെളിവുകളൊന്നുമില്ല.

കഴിഞ്ഞ ഏപ്രിലിൽ ബ്രോങ്ക്സ് മൃഗശാലയിലെ സിംഹങ്ങൾക്കും കടുവകൾക്കും കോവിഡ് ബാധിച്ചതു പോലെ, മൂന്ന് ഗോറില്ലകളും മൃഗശാല ജീവനക്കാരിൽ നിന്ന് വൈറസ് ബാധിച്ചിരിക്കാമെന്ന് പീറ്റേഴ്‌സൺ അഭിപ്രായപ്പെടുന്നു. അണുബാധ തടയുന്നതിനായി മൃഗങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവർക്ക് പൂർണ്ണ സംരക്ഷണ സ്യൂട്ടുകൾ ഉൾപ്പെടെ മൃഗശാലയിൽ കർശനമായ പ്രോട്ടോക്കോളുകൾ ഏർപ്പെടുത്തിയതായും അവർ പറഞ്ഞു.

രണ്ട് ഗോറില്ലകൾക്കും ജനുവരി 6 നാണ് ചുമ തുടങ്ങിയത്. കാലിഫോർണിയ അനിമൽ ഹെൽത്ത് ആൻഡ് ഫുഡ് സേഫ്റ്റി ലബോറട്ടറി, യു‌എസ്‌ഡി‌എയുടെ നാഷണൽ വെറ്ററിനറി സർവീസസ് ലബോറട്ടറി (എൻ‌വി‌എസ്‌എൽ) എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ജനുവരി 11 ന് അണുബാധ സ്ഥിരീകരിക്കുകയായിരുന്നു.