കുവൈത്ത് സിറ്റി : കുവൈത്ത് ആരോഗ്യമന്ത്രാലയം അപകട സാധ്യത കൂടിയ രാജ്യങ്ങളുടെ പുതിയ പട്ടിക തയ്യാറാക്കുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് വ്യാപനത്തിൻ്റെ ആഗോള സാഹചര്യങ്ങളും പ്രതിസന്ധികളും വിശകലനം ചെയ്താണ് പട്ടിക തയ്യാറാക്കുന്നത്. ഈ പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള യാത്രാ നിരോധനം ഏർപ്പെടുത്തുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉയർന്ന അപകടസാധ്യത ലിസ്റ്റിൽപെട്ട ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ട് കുവൈത്തിൽ പ്രവേശിക്കാൻ കഴിയില്ല, എന്നാൽ നിരോധനമില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം ചെലവഴിച്ചതിന് ശേഷം എല്ലാ ആരോഗ്യ നടപടികളും പാലിച്ച് അവർക്ക് കുവൈത്തിൽ പ്രവേശിക്കാം എന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ചില രാജ്യങ്ങളെ ആരോഗ്യ മന്ത്രാലയം ഉയർന്ന അപകടസാധ്യതയുള്ള പട്ടികയിൽ നിന്ന് നീക്കം ചെയ്താൽ ആ രാജ്യത്തുനിന്നുള്ളവർക്ക് രോഗ്യ ആവശ്യകതകളും നിർബന്ധിത ക്വാറൻ്റെയിനും പാലിച്ച് നേരിട്ട് വരാനാകും .
വിദേശരാജ്യങ്ങളിലെ കൊറോണ സാഹചര്യങ്ങൾ വിലയിരുത്തി ആരോഗ്യ മന്ത്രാലയം തയ്യാറാക്കുന്ന റിപ്പോർട്ടിനായി വിമാനത്താവളത്തിലെ ഓപ്പറേഷൻ ടീമുകൾ കാത്തിരിക്കുകയാണെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പുതിയ പട്ടിക ലഭിച്ചില്ലെങ്കിൽ എല്ലാ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള ഫ്ലൈറ്റുകൾ തുറക്കുമെന്നും എയർപോർട്ട് അധികൃതർ വ്യക്തമാക്കി.
ക്വാറൻ്റൈൻ ഹോട്ടൽ റിസർവേഷൻ ഇല്ലാതെ കര, വായു, കടൽ അതിർത്തികൾ വഴി ഒരു യാത്രക്കാരെയും കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് തുറമുഖ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ മൻസൂർ അൽ അവദി പറഞ്ഞു.