ദുബായ്: 65 വയസ്സും അതിനുമുകളിലും പ്രായമുള്ള സ്വദേശികൾക്കും പ്രവാസികൾക്കുമായി പ്രത്യേക ആരോഗ്യപരിപാലനകേന്ദ്രം വിഭാവനം ചെയ്ത് ദുബായ്. ദുബായ് ഹെൽത്ത് കെയർ സിറ്റി ഫ്രീസോണുമായി സഹകരിച്ച് യുഎഇ ആസ്ഥാനമായുള്ള ആരോഗ്യപരിപാലന നിക്ഷേപ കമ്പനിയായ വീറ്റയാണ് ആരോഗ്യകേന്ദ്രം വികസിപ്പിക്കുന്നത്.
സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ളവർക്ക് മികച്ച സേവനങ്ങൾ വാഗ്‌ദാനം ചെയ്യുന്ന ആരോഗ്യപരിപാലനത്തിനുള്ള ആഗോളകേന്ദ്രമെന്ന ദുബായിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് വീറ്റയുമായി കരാർ ഒപ്പിടുന്നതെന്ന് ദുബായ് ഹെൽത്ത് കെയർ സിറ്റി ചീഫ് എക്സിക്യുട്ടീവ് ജമാൽ അബ്ദുസ്സലാം പറഞ്ഞു. എന്നാൽ ഇതിൻറെ നിർമ്മാണപ്രവർത്തനങ്ങൾ എപ്പോൾ തുടങ്ങുമെന്നോ കോംപ്ലക്സ് എപ്പോൾ തുറക്കുമെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല.