തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നിലവിൽ ശ്രീലങ്കക്ക് മുകളിലും തമിഴ്നാട് തീരത്തിനും സമീപമായി സ്ഥിതി ചെയ്യുകയാണ്. നവംബർ മൂന്ന് വരെ സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്.