തിരുവനന്തപുരം: ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന നിർദേശവുമുണ്ട്.
കിഴക്കൻ കാറ്റിന്റെ വരവോടെയാണ് കനത്ത മഴ പ്രതീക്ഷിച്ചത്. എന്നാൽ, അതിന് വലിയ സ്വാധീനം സൃഷ്ടിക്കാനായില്ല. എന്നാൽ തെക്കൻ തമിഴ്നാട് തീരത്ത് അന്തരീക്ഷച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തുടർന്ന് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.