ഹോപ്പിലൂടെ ചരിത്രം സൃഷ്ടിച്ച് യുഎഇ

0
50

 

 

ദുബായ്:  അറബ് മേഖലയില്‍ നിന്നുള്ള ആദ്യ ചൊവ്വാ ദൗത്യ പേടകമായ ഹോപ്പ് പ്രോബ് പ്രപഞ്ച രഹസ്യത്തിലേക്ക് കണ്ണയച്ചുകൊണ്ട് ആദ്യ ചരിത്രം കുറിച്ചു. ചൊവ്വയിലെ അപൂര്‍വ രാത്രികാല പ്രതിഭാസമായ, ശാത്രജ്ഞരുടെ ഭാവനയില്‍ മാത്രം തെളിഞ്ഞിരുന്ന  ഡിസ്‌ക്രീറ്റ് അറോറയുടെ മികച്ച ചിത്രമാണ് ഹോപ്പ് പേടകം പകര്‍ത്തി ഭൂമിയിലേക്കയച്ചത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ട്വിറ്ററിലൂടെയാണ് പുതിയ നേട്ടം ലോകത്തെ അറിയിച്ചത്. ദൈവിക പ്രതിഭാസത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ചിത്രമെന്നാണ് ഡിസ്‌ക്രീറ്റ് അറോറയുടെ ചിത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. മാനവ ചരിത്രത്തിലാദ്യമായി അറബ്-ഇസ്ലാമിക ലോകത്തെ ആദ്യ ചൊവ്വ ദൗത്യമായ അല്‍ അമല്‍ (ദി ഹോപ്പ്) പേടകം ചുവന്ന ഗ്രഹത്തിലെ പുതിയൊരു പ്രതിഭാസത്തിലേക്ക് വെളിച്ചം വീശിയിരിക്കുന്നു. ചൊവ്വയെ കുറിച്ചുള്ള കൂടുതല്‍ ശാസ്ത്രീയ പഠനങ്ങളിലേക്ക് വാതില്‍ തുറക്കുന്ന ചിത്രം മാനുഷ്യകത്തിനു വലിയ മുതല്‍ക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭൂമിയുടെ ഉത്തര ധ്രുവത്തില്‍ കാണപ്പെടുന്ന അറോറ പ്രതിഭാസത്തിന് സമാനമായ പ്രകാശ ദീപ്തിയുടെ ചിത്രമാണ് ഹോപ്പ് പേടകത്തിലെ എമിറേറ്റ്‌സ് മാര്‍സ് അള്‍ട്രാവയലറ്റ് സ്‌പെക്ട്രോമീറ്റര്‍ ചരിത്രത്തിലാദ്യമായി പകര്‍ത്തിയത്. ചൊവ്വയ്ക്കു ചുറ്റും പ്രകാശ വലയത്തിന്റെ മാതൃകയിലാണ് ഈ പ്രതിഭാസം ചിത്രത്തില്‍ തെളിഞ്ഞത്. സൗരോര്‍ജത്താല്‍ ചാര്‍ജ് ചെയ്യപ്പെടുന്ന കണങ്ങള്‍ അന്തരീക്ഷത്തില്‍ പറക്കുമ്പോള്‍ രൂപപ്പെടുന്ന ദീപ്തിയാണ് ഡിസ്‌ക്രീറ്റ് അറോറ.

ഏഴു മാസത്തെ യാത്രയ്ക്കു ശേഷം ഈ വര്‍ഷം ഫെബ്രുവരി ഒന്‍പതിനായിരുന്നു യുഎഇയുടെ ചൊവ്വാ ദൗത്യമായ ഹോപ് പേടകം ചുവന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ എത്തിച്ചേര്‍ന്നത്. പേടകം 687 ദിവസം ചൊവ്വയെ ഭ്രമണം ചെയ്യുമെന്നാണ് കരുതുന്നത്. ചൊവ്വയുടെ ഉപരിതലത്തെ കുറിച്ചുള്ള പഠനമാണ് ഹോപ്പ് പേടകം പ്രധാനമായും ലക്ഷ്യമിടുന്നത്.