K k ദാസ് എഴുതുന്നു:
വയസ്സ് അറുപത്തഞ്ച് കഴിഞ്ഞു,
മുപ്പത്തേഴ് വർഷത്തെ പ്രവാസം ശരിക്കും മടുത്തു;
വന്നന്ന് മുതലിന്ന് വരെ പ്രൗഢിയോടെയുള്ള ജീവിതം കുടുംബത്തിന് നൽകാനായെന്ന സംതൃപ്തി.
ഇനിയുള്ള കാലമാശ്രയം “നോർക്ക” തരുമെന്നുറപ്പ് പറഞ്ഞ പെൻഷൻ മാത്രമാണ്.
പതിനഞ്ച് കൊല്ലക്കാലം മാസാമാസം പ്രവാസി ക്ഷേമനിധി അടച്ച സംതൃപ്തിയിലും വിശ്വാസത്തിലുമാണ് ഈ തിരിച്ചു പോക്ക്.
ആരോഗ്യവാനായ കാലത്ത് കുടുംബത്തോടൊപ്പമുള്ള സ്ഥിരവാസം സ്വപ്നം കണ്ട് നടന്ന് നടന്ന് ഇന്നൊരുപാട് അസുഖങ്ങളുടെ അടിമയായി,
ദേശങ്ങളും ഭാഷകളും ലക്ഷ്വറി വണ്ടികളും സഹന ശക്തിയാർന്ന ജീവിതവും സ്വായത്തമാക്കി, ഭാവിയിൽ ഇതൊക്കെ ഗുണം ചെയ്യുമെന്ന വിശ്വാസവും, കടമകളുടെ കാഠിന്യങ്ങളും ഏറി വന്നപ്പോൾ കാലത്തിൻ്റെ യാത്രയിൽ ശാരീരിക അസ്വാസ്ഥ്യങ്ങളും വാദ്ധക്യവും പിടിച്ചുലച്ചു.
ഇനിയൊരു മാറ്റത്തിനോ, പുതിയ സംരഭത്തിലേക്കുള്ള കാൽവെപ്പിനോ സമയമില്ല.
തിരിച്ച് പോക്ക് തന്നെയാണ് അഭികാമ്യം.
സത് സമ്പത്തായ മക്കൾ അധികമൊന്നുമില്ലെങ്കിലും ഉള്ള ഒന്നിന് ആവുന്നിതിലപ്പുറം വിദ്യഭ്യാസവും, ധനവും കൊടുത്ത് കെട്ടിച്ചയച്ചു.
ഭർതൃ വിരഹം അനുഭവിച്ചനുഭവിച്ച് മരവിച്ച ഭാര്യ – സ്വപ്രാപ്തി കൊണ്ട് മാത്രം കെട്ടിപ്പടുത്ത വീട്ടിൽ ഒറ്റക്കാണ്.
സഹോദരങ്ങളൊക്കെ അവരവരുടെ കാര്യങ്ങളിൽ മാത്രം മുഴുകി അകലങ്ങളിൽ പൊങ്ങച്ച ജീവിതം ആസ്വദിക്കുന്നു.
അവർക്കൊന്നും കൊടുക്കാൻ ഇനി ഒന്നുമില്ലെങ്കിലും – തന്നിരുന്നതിലും മികച്ചതൊന്നും തരുന്നില്ലല്ലോ എന്ന പരിഭവമാണവർക്ക്,
കൊടുക്കുന്തോറും കൂടുന്ന വിദ്യപോലല്ലല്ലോ ധനം!
എയർപോർട്ടിലേക്ക് പോകാൻ സമയമായി,
ബാബ തന്നെയാണ് അവസാനമായി എയർപോർട്ടിൽ കൊണ്ടുവിടാൻ വരുന്നത്,
ശമ്പളം ഇന്നലയേ തന്നു,
കൂട്ടത്തിൽ കെട്ടിപ്പിടിച്ചൊരു ഉമ്മയും,
പതിവ് പോലെ തന്നെ മറ്റ് കുടുബാംഗങ്ങളെ ആരെയും പുറത്ത് കാണുന്നില്ല.
തമ്മിൽ കണ്ടെങ്കിൽ എനിക്ക് എന്തെങ്കിലും തരേണ്ടി വരുമെന്ന പതിവ് ചിന്തയാകാം അവരെ ഈ അവസാന പോക്കിലും മറച്ച് നിർത്തിയത്.
മുപ്പത്തേഴ് വർഷങ്ങൾ ഈ വീട്ടിലും പരിസരത്തും ജോലി ചെയ്ത ഓർമ്മകൾ മാത്രം പേറിയാണ് ഇനി ഈ മണ്ണിലേക്കൊരു തിരിച്ച് വരവില്ലാത്ത യാത്ര,
ആനുകൂല്യങ്ങൾക്കൊന്നും അർഹനല്ലെന്ന് ആദ്യമേ അറിയാമായിരുന്നു.
എങ്കിലും – ജീവിതം സമർപ്പിച്ച് സത്യസന്ധത പുലർത്തി കഴിവിലധികമർപ്പണ ഭാവത്തോടെ ജോലി ചെയ്തിരുന്ന ഞാൻ , എന്തിനൊക്കെയോ അർഹനാണെന്ന് തോന്നിയിരുന്നു.
അതെല്ലാം “ഒരു മാ..സ്സലാമ”യിൽ ഒതുങ്ങി.
ഈ യാത്രയിൽ ഒരു പുതുമയുമില്ല,
എത്രയോ ഫ്ലൈറ്റ് യാതയിലെ പോലെ തന്നെയീ അവസാന തിരിച്ച് പോക്കും.
ജീവിത കാലം മുഴുവനും
കൂട്ടുണ്ടാകുമെന്ന് പറഞ്ഞ വലിയൊരു സുഹൃത് വലയമുണ്ടെങ്കിലും അവസ്ഥകൾക്കൊത്തേ ആർക്കും പെരുമാറാൻ കഴിയൂ എന്ന തിരിച്ചറിവ് ഇത്രയും കാലത്തെ പ്രവാസാനുഭവത്തിൽ തിരിച്ചറിഞ്ഞു.
വളരെ വിരള കാലം മാത്രമേ സോഷ്യൽ മീഡിയകളിൽ കാണുന്ന ഹായ് കൂയ് ബന്ധങ്ങളും നിലനിൽക്കൂ.
വിസ കാൻസൽ അടിച്ചത് കണ്ടാകണം പതിവ് പോലെ രണ്ട് കിലോ കൂടുതലുണ്ടായിരുന്ന ലഗ്ഗേജിന് പണം വേണമെന്നൊന്നും അവർ പറയാതെ ബോഡിംങ്ങ് പാസ്സ് തന്നു.
മടിയിൽ കനമില്ലാത്തത് കൊണ്ടു തന്നെ ഡ്യൂട്ടിഫ്രീ ഷോപ്പുകളെല്ലാം മറികടന്ന് വേഗത്തിൽ ഫ്ലൈറ്റ് ഗേറ്റിന് മുന്നിലെത്തി.
ജീവിതത്തിലെ അവസാന ഫ്ലൈറ്റ് യാത്രയാകുമെന്നറിയാമെങ്കിലും ഒരാശ്ചര്യവുമില്ല.
മണിക്കൂറുകൾക്കപ്പുറം വിമാനത്തിനുള്ളിൽ തൻ്റെ സീറ്റിലിരിപ്പുറപ്പിച്ചു.
ഇനിയുള്ള അഞ്ചു മണിക്കൂർ യാത്ര അറുബോറാണ്.
ഉത്കണ്ഠയോടെ അല്ലാത്ത തിരിച്ച് പോക്കിൻ്റെ ആദ്യം – മുപ്പത്തേഴ് വർഷങ്ങൾക്ക് മുന്നേയുള്ള ഉത്കണ്ഠയോടെയുള്ള ആദ്യ വിമാന യാത്രയായിരുന്നു.
പതിറ്റാണ്ടുകളുടെ അനുഭവങ്ങളിൽ നിന്ന് ഓർത്തെടുക്കാനുള്ളത്…
മുഷിപ്പ് പിടിച്ച ഈ ഫ്ലെറ്റ് യാത്രയിൽ അടുത്തിരിക്കുന്നവരൊക്കെ ഉറങ്ങിക്കഴിഞ്ഞു. ഷുഗറിൻ്റെയും, കൊളസ്ട്രാളിൻ്റെയും, ബ്ലഡ് പ്രഷറിൻ്റെയുമൊക്കെ ഗുളികകൾ കഴിക്കാൻ വിധിക്കപ്പെട്ടതിൽ പിന്നെ ഉറക്കം വളരെ കുറവാണ്.
ഉറങ്ങാൻ കൊതിച്ചിരുന്ന- എത്ര ഉറങ്ങിയാലും മതിവരാത്ത കാലം കഴിഞ്ഞു പോയ്, ജീവിത പ്രശ്നങ്ങൾ പരിഹരിക്കാൻ ഓടി നടക്കുന്ന യവ്വനത്തിൽ സ്വപ്നങ്ങൾ നിറച്ച മനസ്സ് ഇടക്കിടക്ക് അയവിറക്കുമായിരുന്നു.
മാന്യമായ എന്ത് ജോലിക്കും വില കൽപ്പിക്കാത്ത നാട്ടുകാർ, സ്ഥിരതയുള്ള സർക്കാർ ജോലിയുള്ളവനും, സ്ഥലങ്ങൾ വാങ്ങി കൂട്ടി വലിയ സൗധങ്ങൾ കെട്ടിപ്പൊക്കുന്ന ഗൾഫുകാരനുമെല്ലാം നാട്ടുകാർ നൽകുന്ന പരിഗണന കണ്ടാണ് എങ്ങിനെങ്കിലും ഗൾഫിൽ പോകണമെന്ന് മനസ്സിലുറപ്പിച്ചത്.
കുടുംബത്തെ പ്രാരാബ്ദങ്ങൾ കുറയ്ക്കാൻ സ്വയം പഠനം നിർത്തി പണിക്കിറങ്ങുമ്പോൾ സർക്കാർ ജോലികൾക്കുള്ള യോഗ്യതയൊന്നും നേടിയിട്ടില്ലെന്ന് അറിയാമായിരുന്നു. അപ്പപ്പോഴുള്ള സാഹചര്യങ്ങൾ മറികടക്കാനുള്ള തീരുമാനങ്ങളെടുക്കുമ്പോൾ ഭാവി കാര്യങ്ങൾ കാര്യമായി ഓർക്കാതെ പോയത് പല കാര്യങ്ങളിലും സ്പഷ്ടമാകാറുണ്ട്.
അറിവ് നേടുവാൻ അനവധി അവസരങ്ങളുണ്ടെങ്കിലും സ്കൂളിലും കോളേജിലും പഠിച്ച് പാസ്സായ സർട്ടിഫിക്കറ്റിന് ജീവിതത്തിൽ വലിയ വിലയുണ്ട്, അഭിരുചിയുള്ള വിഷയങ്ങളിൽ ഉന്നതിയിലെത്താൻ അവസരങ്ങൾ ഉണ്ടായിട്ടും അലസത കൊണ്ട് മാത്രം വേണ്ടെന്ന് വെച്ചാൽ തീർച്ചയായും ഭാവിയിൽ ഖേദിക്കപ്പെടും.
പ്രത്യേകിച്ച് ഒരു തൊഴിലും വശത്താക്കാതെ നടന്ന വരും ഗൾഫിൽ പോയി പണം സമ്പാദിക്കുന്നത് കാണുമ്പോൾ ഗൾഫ് കാണണമെന്ന മോഹം ഇരട്ടിയായി,
പാസ്പോർട്ടെടുത്തു, അടുത്തറിയാവുന്ന ഗൾഫുകാരോടെല്ലാം ആഗ്രഹം പറഞ്ഞ് പറഞ്ഞ് അഞ്ചാറു വർഷം കഴിഞ്ഞു.
മോഹം സാഫല്യമാകില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കുമ്പോഴാണ് കുവൈറ്റിലുള്ള ഹംസക്കായെ കണ്ടതും ആവശ്യം പറഞ്ഞതും.
ഹംസക്കയുടെ മറുപടി – കമ്പനികളിലേക്കൊന്നും വിസ കിട്ടാൻ എളുപ്പല്ല, വണ്ടി ഓടിക്കാൻ അറിയുമെങ്കിൽ അറബി വീട്ടിലേക്ക് “ഹൗസ് ഡ്രൈവർ” വിസ കിട്ടും!
നല്ല കഷ്ടപ്പാടുള്ള പണിയാകും, ഏത് സമയത്ത് വിളിച്ചാലും പോണം, വണ്ടി ഓടിക്കൽ മാത്രമല്ല, ഒരു വീട്ടിൽ കുറെ വണ്ടികൾ ഉണ്ടാകും – അതൊക്കെ കഴുകണം, വീട് വൃത്തിയാക്കണം,
അങ്ങനെ കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ ഞാൻ വിസ നോക്കാമെന്ന ഹംസക്കാൻ്റെ വാക്ക്,
അദ്ധേഹം വാക്ക് പാലിച്ചു, കേരളത്തിലൊരു പ്രവാസി കൂടി ജനിച്ചു.
വിമാനത്തിൽ കേറാനുള്ള ആഗ്രഹം അതിയായത് കൊണ്ട് ആദ്യ വിമാനയാത്ര സന്തോഷകരമായിരുന്നു 1985 നവംബറിൽ കുവൈറ്റിൽ വന്നിറങ്ങി, നല്ല തണുപ്പ് ! ഗൾഫിലൊക്കെ ചൂടാണെന്നാണല്ലോ കേട്ടിട്ടുള്ളത് തണുപ്പ് ആശ്ചര്യം കൊള്ളിച്ചു.
ഹംസാക്ക കാത്ത് നിൽക്കുന്നുണ്ടാകില്ലേ എന്ന ശങ്കയിൽ പുറത്തിറങ്ങിയപ്പോഴേക്കും അദ്ധേഹം മുന്നിൽ പ്രത്യക്ഷപ്പെട്ടു.
ഇപ്പോ നല്ല തണുപ്പാണ് കുട്ട്യേ, ഇനി ഈ കാലാവസ്ഥ ഫെബ്രുവരി വരെ കാണും,
കൊഴപ്പല്യ, എൻ്റെ റൂമിലെത്തിയാൽ ഞാൻ ജാക്കറ്റ് തരാമെന്ന് പറഞ്ഞ് ഹംസാക്കയെന്നോട് കുശലം പറഞ്ഞു.
വന്ന അന്ന് ഹംസാക്കയുടെ റൂമിൽ കഴിഞ്ഞ് പിറ്റേന്നാൾ അദ്ധേഹം അറബി വീട്ടിൽ കൊണ്ടാക്കി.
ടി വി യിലൂടെ കണ്ടതും കേട്ടതുമൊന്നുമല്ല യഥാർത്ഥ പ്രവാസ ജീവിതമെന്നത് മനസ്സിലായി.
ഭാഷ വശത്താക്കൽ എന്നുള്ളത് വലിയൊരു ടാസ്ക്കാണ്, പുറത്തെവിടെ പോയാലും ഹിന്ദി സംസാരിക്കാൻ അറിയാമെങ്കിൽ രക്ഷപ്പെടാം.
സ്കൂളിൽ പഠിച്ച ഹിന്ദി പരിജ്ഞാനം ഹിന്ദി എഴുതാനും വായിക്കാനും മാത്രമേ ഉപകാരപ്പെടൂ,
അറബി പഠിച്ചേ പറ്റൂ,
ഇല്ലെങ്കിൽ അറബികളുടെ മുന്നിൽ പരിഹാസ്യനായി തുടരാം.
വീട്ടുജോലിക്കാരികൾ ഫിലിപ്പീനികൾ ആയത് ഭാഗ്യമായി, മുറി ഇംഗ്ലീഷും ആംഗ്യ ഭാഷയും കൊണ്ട് അറബികൾ പറയുന്നത് കുറച്ചൊക്കെ മനസ്സിലാക്കി തരും.
ഏറെ നാൾ ഇങ്ങനെ പോകാനാകില്ലല്ലോ, അറബി അറിയാവുന്ന
മലയാളികളെ കണ്ടെത്തി അറബി വാക്കുകൾ മലയാളത്തിൽ അർത്ഥമെഴുതി അത് വായിച്ച് വായിച്ച് അത്യാവശ്യ കാര്യങ്ങൾ പഠിക്കാൻ തുടങ്ങി.
ഇൻ്റർനെറ്റും സോഷ്യൽ മീഡിയകളും ചിന്തിക്കാൻ പോലും സാധിക്കാത്ത കാലഘട്ടമായിരുന്നു. പരിഹാസങ്ങളും അവഹേളനങ്ങളും അനുഭവിച്ച് തഴമ്പിച്ചു.
ഇറാനി കുബ്ബുസ്സും [തന്തൂരി റൊട്ടി] ജിബിനു [വെണ്ണക്കട്ട]മാണ് പ്രഭാത ഭക്ഷണം.
പച്ചരിച്ചോറും പരിപ്പും എരിവ് തൊട്ട് തീണ്ടാത്ത കറികളും , പ്രാരാബ്ദങ്ങളുടെ പട്ടിക മനസ്സിൻ്റെ ഭാരം കൂട്ടുമ്പോൾ
അരുചികളെല്ലാം അഭിരുചികളായി!
എന്ത് പണികളും ചെയ്യാൻ പരുവത്തിലാക്കിയ മനസ്സും ശരീരവുമായെത്തിയത് കൊണ്ട് പണി ഭാരമൊന്നും വലുതല്ല.
സ്വപ്ന വാഹനങ്ങളെല്ലാം അടുത്ത് കണ്ട ലഹരി,
ലൈസൻസ് കിട്ടി വണ്ടിയോടൊന്നടുക്കണമെങ്കിൽ മൂന്ന് മാസം കഴിയണമത്രേ,
ലൈസൻസ് കിട്ടി അത്യാവശ്യം ഭാഷയും റൂട്ടും പഠിച്ചാൽ രക്ഷപ്പെട്ടു! എന്നാണ് കാണുന്നവരൊക്കെ പറഞ്ഞത്.
സത്യസന്ധത എന്നത് മുഖമുദ്ര ആയത് കൊണ്ടാകാം അറബികൾക്കെല്ലാം വളരെ ഇഷ്ടപ്പെട്ടു.
മാസ ശമ്പളം മുഴുവനും കൃത്യമായി നാട്ടിലയച്ചു.
മാസങ്ങൾ അതിവേഗം കടന്ന് മൂന്ന് വർഷങ്ങളായി വന്നിട്ട്, നാട്ടിൽ പോകുന്നില്ലേ എന്ന് ഇങ്ങോട്ട് ചോദിച്ചു.
അങ്ങനെ നാട്ടിൽ പോകാൻ തീരുമാനിച്ചു. കുടുംബം നോക്കുന്നവന് ബാധ്യതകൾ കൂടി കൂടി വരും.
എല്ലാം തീർന്നിട്ട് ഒന്നിനും കഴിയില്ല.
വയസ്സ് മുപ്പത് കഴിഞ്ഞത് ഗൗനിച്ചില്ലെങ്കിലും വീട്ടുകാർ ഓർത്തു. നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു.
മോഹന വാഗ്ദാനങ്ങളൊന്നും ഫോണിലൂടെ നൽകാൻ കഴിയാത്ത കാലം,
മാസത്തിലൂടെയുള്ള ഒരെഴുത്തിലൂടെ ഞങ്ങൾ പരിണയം പുതുക്കി കൊണ്ടിരുന്നു.
വർഷങ്ങൾക്ക് വേഗത കൂടി, ജോലി മാറാനൊന്നും സാഹചര്യങ്ങൾ നിമിത്തം സാധിച്ചില്ല.
പെൺകുട്ടികളെ വല്യേ ഇഷ്ടമായിരുന്നു, ഒരു മോൾ ജനിച്ചത് അനുഗ്രഹമായി.
അന്തസ്സോടെയുള്ള കുടുംബത്തിൻ്റെ ജീവിതത്തിലൂടെയാണ് പ്രവാസിയുടെ പ്രസക്തി സമൂഹത്തിൽ കാണാനാകുന്നത്. പ്രവാസി കൊണ്ടുവരുന്ന വിദേശ നാണ്യങ്ങൾ നമ്മുടെ പ്രദേശവാസികൾക്ക് തൊഴിലും സമ്പാദ്യങ്ങളുമാകുന്നു.
സമരങ്ങളോ ഹർത്താലുകളോ വേല പൂര പെരുന്നാളുകളോ “ഹൗസ് ഡ്രൈവർ”മാർ ആഘോഷിക്കുന്നില്ല.
മറ്റുള്ളവരുടെ ആനന്ദങ്ങൾ കണ്ട് സ്വപ്നങ്ങളുടെ ചിറകൊടിക്കാതെ നല്ല നാളേക്കായി പ്രയത്നിക്കുന്നു.
“ഹൗസ് ഡ്രൈവർ” ജോലിയോട് പല പ്രവാസി മലയാളികൾക്കും പുശ്ചമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
എന്നാൽ നല്ലൊരു അറബി വീട്ടിൽ ജോലി ചെയ്ത് ജീവിക്കുന്ന “ഹൌസ് ഡ്രൈവറു”ടെ സൗകര്യങ്ങളും, വാസ്തയും പുശ്ചിക്കുന്നവർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തത്ര അകലെയാണ് എന്നതാണ് വാസ്തവം.
ശമ്പളവും മറ്റാനുകൂല്യങ്ങളും കമ്പനി ജോലിക്കാരേക്കാൾ ”ഹൗസ് ഡ്രൈവർമാർക്ക്” കുറവാണെങ്കിലും
ജോലി ഭാരത്തിൻ്റെ ഹാങ്ങ് ഓവറില്ല, സ്പോൺസർ നല്ലവനാണെങ്കിൽ സമൂഹത്തിൽ സ്വദേശാഭിമാനിയായി നടക്കാം, മറ്റുള്ളവരുടെ കുതിര കയറ്റമൊന്നും നടക്കില്ല.
സ്വപ്ന ഭവനത്തിൽ കുടിയേറി,
നീണ്ട് നീണ്ട് പോകുന്ന ബാധ്യതകൾക്കൊക്കെ അറുതി വരുത്തി വരുത്തി പതിറ്റാണ്ടുകൾ കഴിഞ്ഞു.
ആരോഗ്യം ആദർശങ്ങൾ വരുതിയിലെത്താൻ സഹായിക്കാതെയായി.
ജീവകാരുണ്യ പ്രവർത്തകരുടെ ഒഴുക്കാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലുണ്ടായത്. ആ ഒഴുക്കിൽ പെട്ട് ഒരുപാട് പേരെ കരകേറ്റാനായി,
വരുമാനത്തിൻ്റെ പങ്ക് ഓരോരുത്തരുടെയും കണ്ണു നീർ തുടയ്ക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ അറിയാതെ ആത്മസംതൃപ്തി കിട്ടി.
ലോകത്തെയാകെ പിടിച്ചുലച്ച സാമ്പത്തിക പ്രതിസന്ധിയിൽ ഒരു പാട് കമ്പനി ജീവനക്കാരുടെ ജോലി പോയി,
കൊറോണ എന്ന മഹാമാരി താണ്ഡവമാടിയപ്പോൾ! പിടിച്ച് നിന്നതും തരണം ചെയ്തതും ശമ്പളം നഷ്ടമാകാതിരുന്നതും
ഏറെയും”ഹൗസ് ഡ്രൈവർ”മാരുടെതായിരുന്നു.
ഓർമ്മകളിലും വ്യതിയാനങ്ങൾ വ്യക്തമായപ്പോഴാണ് തിരിച്ചുവരവില്ലാത്തൊരു തിരിച്ചു പോക്ക് ആഗ്രഹിച്ചത്,
എത്ര വർഷം ജോലി ചെയ്താലും നല്ല വാക് വൃഷ്ടിയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത ഈ “ഹൗസ് ഡ്രൈവർ” മുപ്പത്തേഴ് വർഷങ്ങളിലെ സേവനത്തിന് ശേഷം പോകുകയാണ്.
നമ്മുടെ രാജ്യം നൽകുമെന്നുറപ്പുള്ള സേവ പെൻഷൻ കൊണ്ട് ഇനിയുള്ള കാലം ജീവിതം ആഘോഷമാക്കണം.
കൂട്ടായ്മകൾ നൽകിയ യാത്രയയപ്പ് പ്രഹസനങ്ങൾ ഓർമ്മയിൽ നിർത്തണം.
സുഹൃത്തുക്കളേവർക്കും എന്നും മെസ്സേജയക്കണം, തിരിച്ചൊരുവാക്കും പ്രതീക്ഷിക്കാതെ !
പ്രകൃതിയുടെ പ്രകൃതം മാറി തുടങ്ങി,
ഫ്ലൈറ്റ് മലയാള മണ്ണിൽ മുട്ടാറായി,
ധൃതി പിടിച്ചിറങ്ങാനുള്ള സമയമായി,
ജന്മനാടിൻ്റെ ഗന്ധമാസ്വദിച്ച് ജീവിക്കാനുള്ള അവസരമാണ് ഇനി –
ഓർമ്മകൾ മരിക്കാതിരിക്കട്ടെ,
മരണം വരെ..