കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാരെയും പിസിആർ പരിശോധനയ്ക്ക് വിധേയരാകണം എന്ന തീരുമാനം ഫെബ്രുവരി 7 മുതൽ നടപ്പാക്കി തുടങ്ങും
. ഇതിനായി ടെർമിനൽ ഒന്നിൽ (TI) 3 പരിശോധനാ കേന്ദ്രങ്ങളും, T3, T4, T5 എന്നിവയിൽ ഓരോ പരിശോധന കേന്ദ്രങ്ങൾ വീതം, ആകെ 6 കേന്ദ്രങ്ങൾ ആഗമന ഏരിയയിൽ സജ്ജീകരിച്ചതായി അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു . പി സി ആർ പരിശോധനകൾ നടത്തുന്നതിന് മുന്നോടിയായി, ഇതിനോടനുബന്ധിച്ച് ഒരു ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോമും സൈറ്റും ആരംഭിച്ചതായും പത്ര റിപ്പോർട്ടിൽ പറയുന്നു.
കുവൈത്തിൽ എത്തിച്ചേരുന്ന യാത്രക്കാരുടെ പരിശോധന ചെലവുകൾ വിമാന കമ്പനികളിൽ നിന്ന് ഈടാക്കാൻ കുവൈറ്റ് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. വിമാനക്കമ്പനികളിൽ നിന്ന് നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയുടെ തീരുമാനങ്ങൾ നടപ്പിലാക്കാൻ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ഗ്രൗണ്ട് സർവീസ് ദാതാക്കളെ ചുമതലപ്പെടുത്തി. എയർപോർട്ടിൽ എത്തുന്ന എല്ലാവർക്കും പരിശോധന നടത്തുന്നതിന് 4 അംഗീകൃത ലബോറട്ടറികളുമായി ഇവർ ചർച്ചകൾ നടത്തിവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദിനപത്രം നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.