ലക്ഷദ്വീപിൽ ഇനി മദ്യം ലഭിക്കും

കവരത്തി : മദ്യ നിരോധിത മേഖലയായ ലക്ഷദ്വീപില്‍ മദ്യശാലകൾക്ക് അനുമതി .  വിനോദ സഞ്ചാരികള്‍ക്കായി മൂന്ന് ദ്വീപുകളില്‍ മദ്യ ശാലകൾ ആരംഭിക്കാനാണ് നീക്കം. ആദ്യഘട്ടത്തിൽ, കവരത്തി, മിനികോയ്, കടമം ദ്വീപുകളിലായിരിക്കും  മദ്യ ശാലകള്‍ തുറക്കുക. സർക്കാർ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ദ്വീപില്‍  ഉയരുന്നത്. ലക്ഷദ്വീപ് ടൂറിസം ജനറല്‍ മാനേജര്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ദ്വീപ് ഭരണകൂടത്തിൻ്റെ ഉത്തരവ്.

കടമത്ത് ഐലന്‍റ് ബീച്ച് റിസോർട്ട്, കവരത്തിയിലെ പാരഡൈസ് ഹട്ട് റിസോർട്ട്, മിനിക്കോയി ഐലന്‍റ് ബീച്ച് റിസോർട്ട് എന്നീ റിസോർട്ടുകള്‍ക്ക് ആണ് ലൈസന്‍സ് നല്‍കാൻ ഉത്തരവായത് . ജനപ്രതിനിധികളുടെയും മതസംഘടനകളുടെയും എതിര്‍പ്പ് മറികടന്നാണ്   ജില്ലാ കലക്ടര്‍ എസ് അസ്കര്‍ അലി ഐ.എ.എസ് ഉത്തരവിറക്കിയത്. ടൂറിസത്തിന്‍റെ ഭാഗമായി നേരത്തെയും ദ്വീപില്‍ മദ്യം അനുവദിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും വ്യാപകമായ പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തി വെക്കുകയായിരുന്നു.