വര്‍ഗീയ ധ്രുവീകരണം പരസ്പര സ്‌നേഹത്തിലൂടെ മറികടക്കണം. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ

0
14

കുവൈത്ത് സിറ്റി: ഇന്ത്യന്‍ ജനതയെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്ന ഇക്കാലത്ത് മനുഷ്യര്‍ തമ്മിലുള്ള പരസ്പര സ്‌നേഹത്തിലൂടെ അത് മറികടക്കണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ പ്രസ്താവിച്ചു. ‘സ്‌നേഹകേരളം പ്രവാസത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ ഐ.സി.എഫ് ഇന്റര്‍നാഷ്ണല്‍ തലത്തില്‍ നടത്തുന്ന കാമ്പയിന്റെ ഭാഗമായി കുവൈത്ത് സിറ്റി സെന്‍ട്രല്‍ കമ്മറ്റി സാല്‍മിയയില്‍ സംഘടിപ്പിച്ച സ്‌നേഹസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പൂര്‍വകാല നേതാക്കളും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും സ്‌നേഹത്തിന്റെ സന്ദേശമാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചത്. പരസ്പരം സ്‌നേഹിക്കുന്നതിന് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിര്‍വരമ്പുകള്‍ അവര്‍ നിശ്ചയിച്ചിരുന്നില്ല. അവരവരുടെ മതത്തിലും ആശയത്തിലും ഉറച്ചു നില്‍ക്കുമ്പോള്‍ തന്നെ മനുഷ്യനെന്ന നിലയില്‍ പരസ്പരം സ്‌നേഹം പങ്കുവെക്കാന്‍ അവര്‍ക്ക് തടസ്സങ്ങളുണ്ടായിരുന്നില്ല.
പരസ്പരം നാട്ടുവര്‍ത്തമാനം പറയാനും സ്‌നേഹം കൈമാറാനും ഉതകുന്ന പൊതുയിടങ്ങള്‍ നഷ്ടമാകുന്നതും മനുഷ്യന്‍ സ്വന്തം ഡിവൈസുകളിലേക്ക് ചുരുങ്ങുന്നതും സ്‌നേഹം നഷ്ടമാകാന്‍ കാരണമാകുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
നഷ്ടമായിക്കൊണ്ടിരിക്കുന്ന പഴയകാല സൗഹൃദം തിരികെക്കൊണ്ടുവരാന്‍ ഐ.സി.എഫ് നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ഇതിന് കേരളീയ സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.എഫ് സിറ്റി സെന്‍ട്രല്‍ പ്രസിഡണ്ട് മുഹമ്മദലി സഖാഫി പട്ടാമ്പി അധ്യക്ഷം വഹിച്ചു. ഐ.സി.എഫ് നാഷ്ണല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല വടകര, രജീഷ്.സി (കല കുവൈത്ത്) വിനോദ് വലൂപറമ്പില്‍ (കേരള അസോസിയേഷന്‍ കുവൈത്ത്), ജോയ് കരവാളൂര്‍ (ഒ.ഐ.സി.സി കുവൈത്ത്), ബഷീര്‍ ബാത്ത (കെ.എം.സി.സി) ഇബ്രാഹീം കുന്നില്‍(കെ.കെ.എം.എ) തുടങ്ങിയവര്‍ സംസാരിച്ചു.
ജാഫര്‍ ചപ്പാരപ്പടവ് സ്വാഗതവും റാശിദ് ചെറുശോല നന്ദിയും പറഞ്ഞു.

T