മലബാർ കലാപ ചരിത്രം : ഐസിഎച്ച്ആർ നടപടിയിൽ ഐഎംസിസി പ്രധിഷേധ സംഗമം നടത്തി ഡോ. കെഎൻ ഗണേഷ് ഉദ്ഘാടനം ചെയ്തു

മലബാർ കലാപത്തിലെ സമര നേതാക്കളേയും രക്ത സാക്ഷികളേയും സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും വെട്ടി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെയും നടപടിക്കെതിരെ ഐഎംസിസി ജിസിസി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സർവ്വകലാശാല മുൻ ചരിത്ര വിഭാഗം തലവനുമായ ഡോ. കെഎൻ ഗണേഷ് ഉദ്ഘാടനം ചെയ്തു.

മലബാര്‍ കലാപം സ്വാതന്ത്ര്യ സമരപോരാട്ടമല്ലെങ്കില്‍ ഇന്ത്യയില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന ബഹുഭൂരിപക്ഷം പോരാട്ടങ്ങളും സ്വാതന്ത്ര്യസമരമല്ല എന്ന് പറയേണ്ടിവരുമെന്ന് ഡോ. കെഎൻ ഗണേഷ് പറഞ്ഞു. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരപോരാട്ടമല്ലെന്നാണ്‌ ഐസിഎച്ച്‌ആര്‍ വിധിയെഴുതിയിരിക്കുന്നത്‌, മലയാളികൂടിയായ ആര്‍എസ്എസ് അനുഭാവിയായ ചരിത്രകാരൻ സിഐ ഐസകിൻറെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രതിരോധമായിരുന്നു ഖിലാഫത്ത്‌ പ്രസ്ഥാനം. ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസും ഒരു ഘട്ടത്തിൽ ഇതിനെ പിന്തുണച്ചു. മലബാര്‍ കലാപം ഈ സഖ്യത്തിലൂടെയായിരുന്നു. ഇതിന്‌ ഇസ്ലാമിക സ്റ്റേറ്റുമാ യൊക്കെ ഇപ്പോൾ ആർഎസ്എസ് ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്നതൊക്കെ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഎംസിസി ജിസിസി കമ്മറ്റി ചെയർമാൻ സത്താർ കുന്നിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ.പി അബ്ദുൽ വഹാബ് മുഖ്യ പ്രഭാഷണം നടത്തി. നിഷേധാത്മകത അടിസ്ഥാനമാക്കി ലോകത്ത്‌ ഒന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല, ചരിത്ര തമസ്‌ക്കരണം സംഹാരാത്മകമാണ്‌. അത്‌ സ്വയം നശിക്കാന്‍ ബാധ്യതപ്പെട്ടതാണ്‌ എന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തെയും ചരിത്ര നായകരെയും രക്തസാക്ഷികളെയും തമസ്‌ക്കരിക്കുന്നത്‌ പ്രതിപ്രവര്‍ത്തനത്തിന്‌ വഴിവയ്‌ക്കും. ഇത്‌ കൂടുതല്‍ ചര്‍ച്ചകളിലേക്കും ഓര്‍മ്മപ്പെടുത്തലുകളിലേക്കും നയിക്കും. കേന്ദ്രസര്‍ക്കാറിന്റെ ഈ നിഷേധാത്മക സമീപനം പുതുതലമുറയ്‌ക്ക്‌ ഈ വിഷയങ്ങളെക്കുറിച്ച്‌ കൂടുതല്‍ പഠിക്കാന്‍ സഹായകമാകും എന്നും അദ്ദേഹം പറഞ്ഞു.

ഐഎൻഎൽ നേതാക്കളായ സിപി. നാസർ കോയ തങ്ങൾ, എൻകെ അബ്ദുൽ അസീസ്, ഐഎംസിസി ജിസിസി ജനറൽ കൺവീനർ ഖാൻ പാറയിൽ, ട്രഷറർ സയ്യിദ് ശാഹുൽ ഹമീദ്, ലോക കേരളം സഭ അംഗവും സൗദി ഐഎംസിസി പ്രസിഡണ്ടുമായ എ.എം. അബ്ദുല്ലക്കുട്ടി, ബഹ്‌റൈൻ ഐഎംസിസി പ്രസിഡണ്ട് മൊയ്തീൻകുട്ടി പുളിക്കൽ, എൻവൈഎൽ സംസ്ഥാന പ്രസിഡണ്ട് ഷംസീർ കരുവന്തുരുത്തി, എൻഎസ്എൽ സംസ്ഥാന പ്രസിഡണ്ട് എൻഎം മഷൂദ്, ഐഎംസിസി ജിസിസി എക്സിക്യൂട്ടിവ് അംഗം സുബൈർ ചെറുമോത്ത് (ഖത്തർ), കുവൈത്ത് ഐഎംസിസി പ്രസിഡണ്ട് ഹമീദ് മധുർ, ജനറൽ സെക്രട്ടറി ഷെരീഫ് താമരശ്ശേരി, ഒമാൻ ഐഎംസിസി ജനറൽ സെക്രട്ടറി ശരീഫ് കൊളവയൽ, യുഎഇ ഐഎംസിസി സെക്രട്ടറി റഷീദ് തൊമ്മിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ജിസിസി എക്സിക്യൂട്ടീവ് അംഗം മുഫീദ് കൂരിയാടൻ സ്വാഗതവും ജോയിന്റ് കൺവീനർ റഫീഖ് അഴിയൂർ നന്ദിയും പറഞ്ഞു.