വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് യാത്രാസൗകര്യം അനുവദിച്ചു നൽകാൻ വിദേശകാര്യ മന്ത്രാലയവും, സംസ്ഥാന സർക്കാരും അടിയന്തര ഇടപെടൽ നടത്തണം: IMCC

കുവൈത്ത് സിറ്റി: കുവൈത്ത് ,സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് മലയാളികളുൾപ്പെടെ ഇന്ത്യക്കാരായ നിരവധി പ്രവാസികളാണ് ദുബായ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. പ്രവാസികളുടെ ദുരവസ്ഥയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ മൈനോറിറ്റീസ് കൾച്ചറൽ സെൻറർ, ജിസിസി കോഡിനേഷൻ കമ്മിറ്റി ചെയർമാൻ സത്താർ കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും, വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ചു.

ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശനം നിരോധിച്ചത് മൂലം കുവൈത്തിലേക്കും സൗദി അറേബ്യയിലേക്കും പോകേണ്ട പ്രവാസികൾ നിരോധനമില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം ക്വാറൻ്റൈൻ പൂർത്തീകരിക്കവെയായിരുന്നു, വിദേശികൾക്ക് പൂർണമായും പ്രവേശനം നിരോധിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയത്. തുച്ഛമായ ശമ്പളത്തിൽ വിദേശങ്ങളിൽ ജോലിചെയ്യുന്നവരാണ് കുടുങ്ങിക്കിടക്കുന്ന പ്രവാസികളിൽ നല്ലൊരു ശതമാനവും. കഴിഞ്ഞ ഒരു വർഷമായി തുടർന്നുകൊണ്ടിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ സ്വന്തം നാടുകളിൽ കുടുങ്ങിക്കിടന്ന പലരുമാണ്, അമിത ടിക്കറ്റ് നിരക്ക് പോലും നൽകി വന്ന്, ക്വാറൻ്റൈൻ ചെലവുകൾ സ്വയം വഹിച്ച് ഇപ്പോൾ ഭക്ഷണത്തിന് പോലും നിർവാഹമില്ലാത്ത അവസ്ഥയിൽ യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഫെബ്രുവരി 7 മുതൽ രണ്ടാഴ്ചക്കാലത്തേക്കാണ് പ്രവാസികളുടെ വരവ് നിരോധിച്ചതെങ്കിലും കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് ഇതിൽ മാറ്റം വരാനും സാധ്യതയുണ്ട്. കിടപ്പാടമോ, ഭക്ഷണം കഴിക്കാൻ പണമോ ഇല്ലാതെ ഇക്കാലമത്രയും എങ്ങനെ കഴിയും എന്ന ആവലാതിയിലാണ് അന്യനാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾ. ഇവരുടെ കാര്യത്തിൽ അടിയന്തരമായി ഇടപെടണം എന്നാണ്ടി ഐ എം സി സി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടത്.

സർക്കാർതലത്തിലും, വിദേശമന്ത്രാലയം നേരിട്ട് ഇടപെട്ടും കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് എത്രയും പെട്ടെന്ന് യാത്ര സൗകര്യം ഒരുക്കി നൽകണം. നിരവധി കുടുംബങ്ങളുടെ ജീവിതപ്രശ്നമായതു കൊണ്ട് തന്നെ ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെയും വിദേശകാര്യ മന്ത്രാലയത്തിൻ്റെയും അടിയന്തിര ഇടപെടൽ ഉണ്ടാവും ഇന്ന് പ്രതീക്ഷിക്കുന്നതായും കത്തിൽ പറയുന്നു