കുവൈത്ത് സിറ്റി : പാപങ്ങള്‍കൊണ്ട് ഊഷരമായികിടക്കുന്ന മനുഷ്യമനസ്സിലേക്ക് അപ്രതീക്ഷിതമായി പെയ്തിറങ്ങുന്ന കുളിര്‍ മഴയാണ് വിശുദ്ധ റമളാന്നെന്ന് പണ്ഡിതനും എഴുത്തുകാരനും സൌദ്യ മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമി പറഞ്ഞു. വിശുദ്ധ റമളാനെ വരവേൽക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അഹ് ലൻ വ സഹ് ലൻ യാ റമളാൻ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവന്റെയും ധനത്തിന്റെയും പവിത്രതയെ ഹനിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത് അവന്റെ കാമ മോഹ ദോഷാദികളാണ്. തഖ്വ കൊണ്ട് മാത്രമേ അവ നിയന്ത്രിക്കാനാവൂ. ദൈവ ഭക്തിയില്‍ നിന്നുളവാകുന്ന ധാര്‍മിക സദാചാര പ്രതിബദ്ധതയാണ് തഖ്വ. ഇതുണ്ടാക്കിയെടുക്കണമെങ്കില്‍ മനുഷ്യര്‍ അവന്റെ ജന്തുസഹജമായ വാസനകകളെയും നിയന്ത്രണ വിധേയമാക്കണം. അതിനുള്ള പ്രബലമായ ഒരു ഉപാധിയാണ് വ്രതാനുഷ്ഠാനം.- അദ്ദേഹം സൂചിപ്പിച്ചു.
വിശുദ്ധ ഖുര്‍ആനുമായുള്ള നമ്മുടെ ബന്ധത്തെ പുനരാലോചിക്കേണ്ട സന്ദര്‍ഭം കൂടിയാണിത്. ഖുര്‍ആന്‍ അവതരണത്തിന്റെ ഓര്‍മകള്‍ മടക്കിക്കൊണ്ടുവരികയാണ് ഓരോ റമദാനുമെന്ന് സുല്ലമി വിശദീകരിച്ചു.
ഔക്കാഫ് ജാലിയാത്തിലെ ശൈഖ് മുഹമ്മദ് അലി അബ്ദുല്ല സംഗമം ഉദ്ഘാടനം ചെയ്തു. ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ധീഖ് മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, നാസർ മുട്ടിൽ, ഷാനിബ് പേരാമ്പ്ര എന്നിവർ സംസാരിച്ചു.