കോവിഡ് 19 പ്രതിരോധം: ഇന്ത്യയിൽ നിന്നുള്ള റാപ്പിഡ് റെസ്പോൺസ് മെഡിക്കൽ സംഘം കുവൈറ്റിലെത്തി

0
25

കുവൈറ്റ്: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ ഇന്ത്യയിൽ നിന്നുള്ള റാപ്പിഡ് റെസ്പോൺസ് മെഡിക്കൽ സംഘം കുവൈറ്റിലെത്തി. കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലാണെങ്കിലും കുവൈറ്റിൽ കോവിഡ് 19 ബാധിതരുടെ എണ്ണത്തിൽ ദിവസേന വർധനവുണ്ടാവുകയാണ്. പ്രവാസികൾക്കിടയിൽ സാമൂഹികവ്യാപനം കൂടി ആരംഭിച്ചതോടെ പ്രത്യേക അഭ്യർഥന മാനിച്ചാണ് ഇന്ത്യയിൽ നിന്നുള്ള 15 അംഗ മെഡിക്കൽ സംഘം കഴിഞ്ഞ ദിവസം കുവൈറ്റിലെത്തിയത്. ഡോക്ടര്‍മാര്‍, നഴ്‌സുമാർ , പാരാ മെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയവർ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം രണ്ടാഴ്ച ക്കാലം കൊറോണ പരിശോധനക്ക് കുവൈത്തിലെ പ്രത്യേക മെഡിക്കല്‍ സംഘത്തെ സഹായിക്കുകയും അവര്‍ക്ക് വേണ്ട പരിശീലനം നല്‍കുകയും ചെയ്യും.

കുവൈത്ത് ആരോഗ്യ മന്ത്രാലയം മെഡിക്കല്‍ സര്‍വീസസ് വിഭാഗം മേധാവി ഷെയ്ഖ് ഡോ. അബ്ദുള്ള മെഷാല്‍ അല്‍ സബാഹ്, ഡെപ്യൂട്ടി ഇന്ത്യന്‍ അംബാസിഡര്‍ രാജ് ഗോപാല്‍ സിംഗ്, കുവൈറ്റ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് വിമാനത്തില്‍ അബ്ദുള്ള അല്‍ മുബാറക് വിമാന താവളത്തില്‍ എത്തിയ മെഡിക്കല്‍ സംഘത്തെ വരവേറ്റത്.

കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹും, ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്ന്, ഇന്ത്യന്‍വിദേശ കാര്യ മന്ത്രി എസ് ജയശങ്കറും കുവൈറ്റ് വിദേശ കാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസ്സര്‍ അല്‍ സബാഹും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് മെഡിക്കൽ സംഘത്തെ അയക്കാൻ തീരുമാനമായത്.