സെമിയിൽ പൊരുതി തോറ്റ് ഇന്ത്യൻ വനിതാ ഹോക്കി ടീം

0
32

ടോക്കിയോ ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ഫൈനൽ എന്ന ചരിത്ര ലക്ഷ്യത്തിലെത്തും മുന്നെ കാലിടറി ഇന്ത്യൻ വനിത ടീം. സെമി ഫൈനലിൽ ലോക രണ്ടാം റാങ്കുകാരായ അർജന്റീനയോട്‌ 2 -1 ന് പൊരുതി തോറ്റു. ക്വാർട്ടറിൽ മൂന്ന്‌ വട്ടം ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ തകർത്ത ആത്മവിശ്വാസത്തിൽ കളത്തിലിറങ്ങിയ ഇന്ത്യ പൊരുതി കളിച്ചെങ്കിലും ജയിക്കാനായില്ല. കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ ഇന്ത്യ ആക്രമണം അഴിച്ചുവിട്ടു. പെനാല്‍റ്റി കോര്‍ണറിലൂടെ ഗുര്‍ജിത് കൗര്‍ ഇന്ത്യയ്ക്കായി ആദ്യ ലീഡ് സമ്മാനിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ലീഡ് പിടിച്ച അര്‍ജന്റീന നായിക മരിയ നോയല്‍ ബരിയോനുവേനോ ഇരട്ട ഗോളുകള്‍ നേടി വിജയശില്‍പ്പിയായി. ഇതോടെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ഒളിമ്പിക് സ്വര്‍ണമെന്ന സ്വപ്‌നം തകര്‍ന്നു. ഒരു ​ഗോളിന് പിന്നിൽ നിന്നശേഷം രണ്ടു ​ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. തോറ്റെങ്കിലും ഇന്ത്യ വെങ്കല മെഡലിനായി മത്സരിക്കും.