കൊറോണ ഭീതി: ചൈനയിൽ കുടുങ്ങിയ ഇന്ത്യക്കാരെ വെള്ളിയാഴ്ച ഒഴിപ്പിക്കും

0
32

ബെയ്ജിംഗ്: കൊറോണ വൈറസ് ഭീതി ഉയർത്തി പടരുന്ന സാഹചര്യത്തിൽ ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളുമായി സർക്കാർ. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ മേഖലയിൽ കുടുങ്ങിപ്പോയവരെ അടുത്ത ദിവസം തന്നെ എത്തിക്കാനുള്ള അനുമതി ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. രണ്ട് വിമാനങ്ങളിലായി ഇവരെ എത്തിക്കാനുള്ള അനുമതിയാണ് തേടിയിരിക്കുന്നത്.

രോഗം ആശങ്കാജനകമായ രീതിയിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വന്തം പൗരന്മാരെ ചൈനയിൽ നിന്നൊഴിപ്പിക്കാൻ വിവിധ രാജ്യങ്ങൾ നടപടി ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞെന്നാണ് സൂചന. വേറെ തടസ്സങ്ങളൊന്നുമില്ലെങ്കിൽ നാളെ വൈകിട്ടോടെ തന്നെ വിമാനമാര്‍ഗം ഇവരെ ഒഴിപ്പിച്ചേക്കുമെന്നാണ് സൂചന.

ഇന്ത്യയിലെത്തിയാലും ഇവർ കനത്ത നിരീക്ഷണത്തിലായിരിക്കുമെന്നാണ് സൂചന. ആരുമായി സമ്പർക്കം പുലർത്താൻ അനുമതി ഉണ്ടാകില്ല. വൈറസ് ബാധ ഇല്ലെന്ന് ഉറപ്പാക്കാൻ മവിദഗ്ധ പരിശോധനകള്‍ക്ക് വിധേയരാകേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ട്. ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത് 170 പേരാണെന്നാണ് കണക്കുകൾ.