ഐഎന്‍എല്ലിലെ പ്രശ്‌നങ്ങള്‍ പിരഹരിച്ചു; സമവായം അബ്ദുള്‍ വഹാബ് മുന്നോട്ടു വച്ച നിബന്ധനകൾ അംഗീകരിച്ചുകൊണ്ട്

0
21

കോഴിക്കോട്‌: ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ എ പി അബ്ദുള്‍ വഹാബ്‌ – കാസിം ഇരിക്കൂര്‍ വിഭാഗങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചു.കേരള മുസ്ലിം ജമാഅത്ത്‌ പ്രസിഡന്റ്‌ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ്‌ പ്രശ്‌നപരിഹാരമായത്‌. പ്രശ്‌നങ്ങളവസാനിച്ചതായും, ഒരുമിച്ച്‌ മുന്നോട്ടുപോകാന്‍ തീരുമാനിച്ചതായും മന്ത്രിയും പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ അഹമ്മദ്‌ ദേവര്‍ കോവില്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. എ പി അബ്ദുള്‍ വഹാബും വ്യക്തമാക്കി. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും, പ്രശ്‌നങ്ങള്‍ പരിഹരിച്ച സാഹചര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. സമവായ നീക്കത്തിൻ്റെ ഭാഗമായി കാസിം ഇരിക്കൂർ വിഭാഗം ഏകപക്ഷീയമായി നടത്തിവന്നിരുന്ന മെമ്പർഷിപ്പ് വിതരണം അടിയന്തരമായി നിർത്തിവെക്കാനും ധാരണയായി. മെമ്പർഷിപ്പ് വിതരണത്തിന് ഇരുവിഭാഗങ്ങൾ നിന്നും അഞ്ച് അംഗങ്ങൾ വീതം അടങ്ങുന്ന സമിതിയെ രൂപീകരിച്ച് ചുമതല നൽകും, ഇതുവരെ എടുത്ത എല്ലാ അച്ചടക്കനടപടികൾ പിൻവലിക്കാനും തീരുമാനിച്ചിട്ടുണ്ട്. തത്ത്വത്തിൽ സമവായത്തിനായി എ പി അബ്ദുൽ വഹാബ് മുന്നോട്ടുവച്ച നിബന്ധനകളെല്ലാം അംഗീകരിക്കുകയായിരുന്നു. പാർട്ടി പ്രവർത്തകരിലും പൊതുസമൂഹത്തിലും അദ്ദേഹത്തിനുള്ള ജനപിന്തുണയ്ക്ക് ലഭിച്ച അംഗീകാരമാണിതെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.

ഇന്ന് രാവിലെ ഏകദേശം ഒരു മണിക്കൂർ മാത്രമാണ് ചർച്ച ഉണ്ടായിരുന്നത്, അതിൽ തന്നെ സമവായത്തിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഇരു വിഭാഗവുമായി കാന്തപുരം
പ്രത്യേകം ചർച്ചനടത്തിയിരുന്നു. അതിൽ ചില ആശയങ്ങൾ ഉരുത്തിരിഞ്ഞു അതിനുശേഷമാണ് ഇന്ന് രാവിലെ വീണ്ടും ഇരു വിഭാഗങ്ങളേയും ഒരുമിച്ചിരുത്തി ചർച്ചനടത്തിയത്. ഇന്നുകൂടി പരിഹാരമുണ്ടായില്ലെങ്കിൽ ഇനിയൊരു ചർച്ചയില്ല എന്ന് കാന്തപുരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഇന്ന് ഒരു സമവായത്തിൽ എത്തിയില്ലെങ്കിൽ വഹാബ് വിഭാഗം പ്രത്യേക സംസ്ഥാന കൗൺസിൽ വിളിച്ച് പ്രത്യേക വിഭാഗമായി തുടർന്നു പോകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ആ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് ഒന്നുംതന്നെ കടക്കാതെ സമവായത്തിൽ എത്തി ചേരുകയായിരുന്നു